വാഹനങ്ങളുെട ജി.പി.എസ്. സംവിധാനം പ്രവര്‍ത്തനക്ഷമമാക്കുന്ന സൈറ്റിന്റെ പ്രവര്‍ത്തനം നിലച്ചു. വാഹനങ്ങളുടെ ജി.പി.എസ്. ടാഗ് ചെയ്യുകയും പരിവാഹന്‍ സൈറ്റിലേക്ക് എത്തിക്കുകയും ചെയ്യുന്ന സുരക്ഷാമിത്ര എന്ന സൈറ്റിന്റെ പ്രവര്‍ത്തനമാണ് നിലച്ചത്. അതിനാല്‍ പുതിയ ജി.പി.എസ്. ഘടിപ്പിക്കുന്നത് പ്രവര്‍ത്തനക്ഷമമാക്കാനും നിലവിലുള്ളവയുടെ പ്രവര്‍ത്തനക്ഷമത കണക്കാക്കാനും സാധിക്കുന്നില്ല. 

സര്‍വര്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വിശദീകരണം. എന്നാല്‍ ജി.പി.എസ്. സേവനം ലഭ്യമാക്കുന്ന കമ്പനിക്ക് വകുപ്പില്‍നിന്ന് വലിയ തുക കുടിശ്ശികയായിട്ടുണ്ടെന്നും അത് നല്‍കാത്തതിനാല്‍ സേവനം നിര്‍ത്തിവെച്ചിരിക്കുകയാണെന്നുമാണ് വിവരം. ഇക്കാര്യം അധികൃതര്‍ നിഷേധിച്ചു.

കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിബന്ധനപ്രകാരം ഗുഡ്‌സ് ഓട്ടോ പോലുള്ള ചെറിയ ചരക്കുവാഹനങ്ങളൊഴികെ എല്ലാ ഭാര-യാത്രാ വാഹനങ്ങള്‍ക്കും ജി.പി.എസ്. നിര്‍ബന്ധമാണ്. കോവിഡ് ഭീതി അല്പം ഒഴിഞ്ഞതോടെ വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കുന്നത് വ്യാപകമായി. എന്നാല്‍ അതേസമയത്തുതന്നെയാണ് ഇത് ടാഗ് ചെയ്യേണ്ട സൈറ്റ് പണിമുടക്കിയത്. 

പഴയ ജി.പി.എസുകള്‍ പ്രവര്‍ത്തനക്ഷമമാണെന്നു സാക്ഷ്യപ്പെടുത്തി പുതുക്കേണ്ടതുമുണ്ട്. ഇതും ഇപ്പോള്‍ സാധ്യമാകുന്നില്ല. വാഹന ഉടമകളെയും വകുപ്പിലെ ജീവനക്കാരെയും ഒരേപോലെ ബാധിക്കുന്നുണ്ട് സൈറ്റിലെ പ്രതിസന്ധി.

Content Highlights: GPS In Vehicles, Server Complaint, GPS Tracking Device, Commercial Vehicles