ഴയ ചരക്കുവാഹനങ്ങള്‍ക്ക് ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ തീരുമാനം റോഡ് സുരക്ഷയ്ക്കു ഭീഷണിയുയര്‍ത്തുന്നു. ടിപ്പറുകളും ചരക്ക്, ടാങ്കര്‍ ലോറികളും ഈ ഭേദഗതിയുടെ ഇളവില്‍ നിയമം തെറ്റിച്ച് ഓടാനും അപകടമുണ്ടാക്കാനും ഇടയുണ്ട്.

പൊതുവാഹനങ്ങളില്‍ ജി.പി.എസ്. ഏര്‍പ്പെടുത്താന്‍ മുന്നിട്ടിറങ്ങിയ കേരളമാണ് ഇപ്പോള്‍ പിന്‍മാറിയത്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ചരക്കുവാഹനങ്ങള്‍ക്ക് ജി.പി.എസ്. നിര്‍ബന്ധമാക്കേണ്ടെന്ന നിര്‍ദേശം കഴിഞ്ഞയാഴ്ച മന്ത്രി എ.കെ. ശശീന്ദ്രന്‍ നല്‍കി. ഇതിനനുസൃതമായി ഉത്തരവിറക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

ടിപ്പറുകളും പാചകവാതക ടാങ്കറുകളും തുടര്‍ച്ചയായി അപകടങ്ങളുണ്ടാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് യാത്ര നിരീക്ഷിക്കാന്‍ ജി.പി.എസ്. ഏര്‍പ്പെടുത്തിയത്. ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ പഴയ വാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിക്കണം. കേന്ദ്ര നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ 2017ലാണ് സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിറക്കിയത്. 2019ല്‍ പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന പൊതുവാഹനങ്ങള്‍ക്കെല്ലാം ജി.പി.എസ്. നിര്‍ബന്ധമാക്കി കേന്ദ്രനിയമം ഭേദഗതി ചെയ്തു. 

വാഹനനിര്‍മാതാക്കള്‍ തന്നെ ജി.പി.എസ്. ഘടിപ്പിച്ചാണ് ഇവ വില്‍ക്കുന്നത്. പൊതുവാഹനങ്ങള്‍ ഫിറ്റ്‌നസ് പരിശോധനയ്‌ക്കെത്തുമ്പോള്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്നാണ് നിഷ്‌കര്‍ഷ. പൊതുവാഹനങ്ങളുടെ ഗണത്തില്‍ ചരക്കുവാഹനങ്ങള്‍ ഉള്‍പ്പെടില്ലെന്ന നിയമോപദേശമാണ് സംസ്ഥാനസര്‍ക്കാരിനു ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജി.പി.എസ്. നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

Content Highlights; GPS In Old Good Vehicles, Global Positioning System