പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പൊതുവാഹനങ്ങള്‍ അതിവേഗത്തിലാണെങ്കില്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് ലഭിക്കും. നിലവില്‍ വേഗപരിധി കഴിഞ്ഞാല്‍ ഡ്രൈവര്‍ക്കുമാത്രം കേള്‍ക്കാന്‍ പാകത്തിലാണ് അപായസൂചന മുഴങ്ങുന്നത്. ഇത് ഡ്രൈവര്‍മാര്‍ അവഗണിക്കുന്നത് ഒഴിവാക്കാനാണ് യാത്രക്കാര്‍ക്കുകൂടി മനസ്സിലാകുന്നവിധത്തില്‍ സന്ദേശം നല്‍കുന്നത്. വാഹനം വേഗപരിധി ലംഘിച്ചാല്‍ യാത്രക്കാരുടെ കാബിനിലും അപായസൂചന മുഴങ്ങുന്നവിധത്തില്‍ ജി.പി.എസിന്റെ നിബന്ധനകള്‍ ഗതാഗതവകുപ്പ് പരിഷ്‌കരിച്ചു.
വടക്കഞ്ചേരിയില്‍ ഒമ്പതുപേരുടെ മരണത്തിനിടയാക്കിയ ടൂറിസ്റ്റ് ബസ് അപകടത്തില്‍പ്പെടുന്നതിനുമുമ്പ് അതിവേഗം സംബന്ധിച്ച അപായസൂചന ഡ്രൈവര്‍ക്കും, എസ്.എം.എസ്. സന്ദേശം ഉടമയ്ക്കും നല്‍കിയിരുന്നെങ്കിലും ഇരുവരും അവഗണിച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍ യാത്രക്കാരുടെ ഇടപെടല്‍ ഉറപ്പാക്കുന്നവിധത്തിലാണ് ജി.പി.എസ്. സംവിധാനം പരിഷ്‌കരിച്ചത്. വാഹനത്തിന്റെ വേഗം, പാത, എന്നിവയെല്ലാം തത്സമയം നിരീക്ഷിക്കാന്‍ കഴിയുന്നതാണിത്.
ജി.പി.എസ്. കമ്പനികള്‍ക്ക് നിയന്ത്രണം
സംസ്ഥാനത്ത് ഓട്ടോറിക്ഷ ഒഴികെയുള്ള എല്ലാ പൊതുവാഹനങ്ങളിലും ജി.പി.എസ്. നിര്‍ബന്ധമാണ്. ഇവ വില്‍ക്കുന്ന കമ്പനികള്‍ വിപണാനന്തരസേവനം നല്‍കാതെ മുങ്ങുന്നത് ഒഴിവാക്കാന്‍ 50 ലക്ഷം രൂപ സുരക്ഷാനിക്ഷേപം ഈടാക്കും.
വന്‍തുക മുടക്കി ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങള്‍ അടുത്ത ഫിറ്റ്നസ് പരിശോധനയ്ക്ക് ഹാജരാക്കുമ്പോള്‍ പഴയകമ്പനിയും മോഡലും നിലവിലുണ്ടാകില്ല. പരാതി വ്യാപകമായതിനെത്തുടര്‍ന്നാണ് ജി.പി.എസ്. കമ്പനികളെ നിയന്ത്രിക്കാന്‍ തീരുമാനിച്ചത്.
നിബന്ധനകള്‍
• മോട്ടോര്‍വാഹനവകുപ്പിന്റെ കണ്‍ട്രോള്‍ റൂമുമായി വാഹനത്തിലെ ജി.പി.എസ്. ബന്ധിപ്പിക്കുന്നതിന് സാങ്കേതികസഹായം നല്‍കാന്‍ കമ്പനികള്‍ കോള്‍സെന്ററുകള്‍ സജ്ജീകരിക്കണം.
• നാലുമേഖലകളിലും അംഗീകൃതവിതരണക്കാര്‍ ഉണ്ടായിരിക്കണം.
• വില്‍പ്പന നടത്തിയതില്‍ 80 ശതമാനം ജി.പി.എസുകളും പ്രവര്‍ത്തനക്ഷമമായിരിക്കണം. പരാതികള്‍ 20 ശതമാനത്തിന് മേലെയാകരുത്.
• ഓഫീസ് സംവിധാനങ്ങള്‍ മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധിക്കും.
• അംഗീകാരം റദ്ദായാലും വില്‍പ്പനാനന്തര സേവനം ഉറപ്പുനല്‍കണം. ഇതിനായി മോട്ടോര്‍വാഹനവകുപ്പിന്റെ അനുമതിയോടെ മറ്റു കമ്പനികളെ ചുമതലപ്പെടുത്താം.
• ജി.പി.എസ്. ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങളുടെ ഉപയോഗകാലാവധി (എന്‍ഡ് ഓഫ് ലൈഫ്) കഴിയുന്നതുവരെ സുരക്ഷാനിക്ഷേപം തിരികെ നല്‍കില്ല.
Content Highlights: GPS device update; Passengers will be warned if public transport is speeding
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..