സ്കൂള്‍ ബസുകളില്‍ ജി.പി.എസ്. ഉള്‍പ്പെടെയുള്ള സുരക്ഷാസംവിധാനങ്ങള്‍ ഘടിപ്പിക്കുന്ന നടപടി ഈ അധ്യയനവര്‍ഷവും ആരംഭിക്കില്ല. സുരക്ഷാസംവിധാനങ്ങള്‍ ഘടിപ്പിക്കാന്‍ സമയം നീട്ടിനല്‍കണമെന്നാണ് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഏപ്രില്‍ ഒന്നുമുതല്‍ എല്ലാ വാഹനങ്ങളിലും ജി.പി.എസ്. വേണമെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന്, സ്കൂള്‍ ബസുകളില്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്ന കഴിഞ്ഞ ഡിസംബറിലെ ഉത്തരവ് മരവിപ്പിച്ചിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 30 വരെ സ്കൂളുകള്‍ക്ക് സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കാന്‍ സമയം അനുവദിക്കുകയും ചെയ്തു. എന്നാല്‍ ഡിസംബര്‍ 30-നുശേഷവും മിക്ക സ്കൂളുകളുടെയും ബസുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല.
പുതിയ അധ്യയനവര്‍ഷത്തിന്റെ ഭാഗമായി ഈമാസം ആദ്യംതന്നെ ബസുകളില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഘടിപ്പിച്ച് പരിശോധന നടത്തണമെന്നായിരുന്നു ആദ്യ തീരുമാനം. പദ്ധതി നടപ്പാക്കുന്നതിനായി വെഹിക്കിള്‍ ട്രാക്കിങ് മാനേജ്മെന്റ് സിസ്റ്റം എന്ന പേരില്‍ സോഫ്റ്റ്വേറിനും രൂപം നല്കി.
വാഹനങ്ങള്‍ നിരീക്ഷിക്കാന്‍ കേന്ദ്രീകൃത സംവിധാനം സജ്ജീകരിച്ച് ജില്ലാ ആര്.ടി.ഓഫീസുകളില്‍ നിരീക്ഷണസംവിധാനം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ക്ക് പരിശീലനവും നല്കി.
എന്നാല്‍ സുരക്ഷാമിത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയുള്ള സംവിധാനങ്ങള്‍ ബസുകളില്‍ ഘടിപ്പിക്കാന്‍ വന്‍ തുക വേണമെന്നതിനാല്‍ സ്കൂള്‍ അധികൃതര്‍ വീണ്ടും കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.
കൊല്ലംജില്ലയില്‍ 14 കമ്പനികളുടെ ജി.പി.എസ്., പാനിക് ബട്ടണ്‍ സംവിധാനങ്ങള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ പാനിക് ബട്ടണ്‍ സംവിധാനം ഘടിപ്പിക്കുന്നതിനും അത് ട്രാക്ക് ചെയ്യുന്നതിനും കൂടുതല്‍ ചെലവ് വരുമെന്നതിനാലാണ് സ്കൂള്‍ അധികൃതര്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
സ്പീഡ് ഗവര്‍ണര്‍ സ്ഥാപിച്ചിട്ടുണ്ട്
എല്ലാ സ്വകാര്യവാഹനങ്ങളിലും ജി.പി.എസ്. ഘടിപ്പിക്കണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും സ്കൂള്‍ ബസുകള്‍ അതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സ്കൂള്‍ ബസുകളില്‍ സ്പീഡ് ഗവര്‍ണര്‍ സ്ഥാപിച്ചിട്ടുണ്ട്. ജി.പി.എസ്. സംവിധാനം ഘടിപ്പിക്കുമ്പോള്‍ ബസിന്റെ ഡ്രൈവര്‍മാര്‍ക്കും ആയമാര്‍ക്കും പ്രത്യേകം പരിശീലനം നല്‍കേണ്ടതുണ്ട്
-വി.സജിത്ത്, ആര്.ടി.ഒ., കൊല്ലം.
Content Highlights: GPS Device On School Bus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..