ട്ടോറിക്ഷ ഒഴികെയുള്ള പൊതുഗതാഗതവാഹനങ്ങളില്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) നിര്‍ബന്ധമാക്കിയെങ്കിലും 10,000 വാഹനത്തില്‍മാത്രമാണ് ഇതു ഘടിപ്പിച്ചതെന്ന് മോട്ടോര്‍വാഹന വകുപ്പ്. സംസ്ഥാനത്ത് 30 ലക്ഷം പൊതുഗതാഗതവാഹനമുണ്ട്.

ജി.പി.എസുകളുടെ വിലയും ലഭ്യതക്കുറവും വാഹനയുടമകള്‍ക്കു താങ്ങാന്‍ പറ്റാത്തതാണെന്ന് നേരത്തേ പരാതിയുയര്‍ന്നിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍, വാഹന പരിശോധനയില്‍ ജി.പി.എസ്. ഘടിപ്പിക്കാത്തവര്‍ക്കെതിരേ പിഴ ചുമത്തേണ്ടതില്ലെന്നാണ് മോട്ടോര്‍വാഹന വകുപ്പിന്റെ തീരുമാനം.

ജി.പി.എസ്. ഘടിപ്പിക്കേണ്ട തീയതി ബുധനാഴ്ച അവസാനിക്കും. ജൂണ്‍ ഒന്നുമുതല്‍ ജി.പി.എസ്. ഘടിപ്പിക്കണമെന്നാണ് നേരത്തേ നിര്‍ദേശിച്ചിരുന്നത്. വാര്‍ഷിക പരിശോധനയ്ക്കായി എത്തുന്ന പൊതുഗതാഗതവാഹനങ്ങളില്‍ ജി.പി.എസ്. ഘടിപ്പിച്ചിട്ടില്ലെങ്കില്‍ ഉടമകളില്‍നിന്നു സത്യവാങ്മൂലം എഴുതിവാങ്ങിയിരുന്നു. 

നിശ്ചിത തീയതികള്‍ക്കുള്ളില്‍ ജി.പി.എസ്. പ്രവര്‍ത്തിപ്പിച്ചുകൊള്ളാമെന്നും ഉപകരണം കിട്ടാത്തതിനാലാണു ഘടിപ്പിക്കാത്തതെന്നുമാണ് ഉടമകള്‍ സത്യവാങ്മൂലം എഴുതേണ്ടത്.

23 കമ്പനികളുടെ ജി.പി.എസ്. ഉപകരണങ്ങളാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളത്. കൂടുതല്‍ കമ്പനികളും അപേക്ഷ നല്‍കിയിട്ടുണ്ട്. ഇതോടെ, ജി.പി.എസിന്റെ വിലയ്ക്കു കുറവുണ്ടായതായാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. 12,000 രൂപയായിരുന്നത് ഇപ്പോള്‍ 5000 രൂപമുതല്‍ 8000 രൂപയ്ക്കുവരെ ലഭിക്കുന്നുണ്ട്.

ജി.പി.എസിന്റെ ഗുണങ്ങള്‍

  • സുരക്ഷാമിത്ര' എന്ന പദ്ധതിയുടെ ഭാഗമായാണ് പൊതുഗതാഗതവാഹനങ്ങളില്‍ ജി.പി.എസ്. നിര്‍ബന്ധമാക്കിയത്.
  • മോഷണം, ദുരുപയോഗം, കുറ്റകൃത്യങ്ങള്‍ക്കായി വാഹനം ഉപയോഗിക്കുന്നത് തുടങ്ങിയവ തടയാനാകും.
  • വാഹനങ്ങളുടെ വേഗം, യാത്രാവഴി എന്നിവയെല്ലാം മനസ്സിലാക്കാം. * മോട്ടോര്‍വാഹന വകുപ്പിന്റെ കണ്‍ട്രോള്‍റൂമില്‍ വാഹനത്തെക്കുറിച്ചു വിവരങ്ങള്‍ അറിയാന്‍ കഴിയും.

ടാക്‌സിഡ്രൈവര്‍മാര്‍ ഇതിനെ എതിര്‍ക്കാന്‍ കാരണം

  • ജി.പി.എസിനു വലിയ വില
  • കേടായാലുള്ള അധിക സര്‍വീസ് ചാര്‍ജ്
  • അനാവശ്യമായുള്ള വാഹനവകുപ്പിന്റെ പിഴ

Content Highlights: GPS Device On Commercial Vehicles