സംസ്ഥാനത്തെ പൊതുവാഹനങ്ങളില്‍ ജി.പി.എസ്. (ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം) ഘടിപ്പിക്കുന്നത് സംബന്ധിച്ചുള്ള പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതി രൂപവത്കരിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിനുശേഷമേ അന്തിമതീരുമാനമുണ്ടാകൂ.
മന്ത്രി എ.കെ. ശശീന്ദ്രനും മോട്ടോര്‍വാഹന തൊഴിലാളി സംഘടനാപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യത്തിന് ജി.പി.എസ്. ഉപകരണങ്ങള്‍ വിപണിയിലില്ലെന്ന സംഘടനകളുടെ പരാതിയും സമിതി പരിശോധിക്കും.
ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ആര്‍. ശ്രീലേഖ, റോഡ് സേഫ്റ്റി കമ്മിഷണര്‍ എന്‍. ശങ്കര്‍റെഡ്ഡി എന്നിവരാണ് സമിതിയിലുള്ളത്. ഒക്ടോബര്‍മുതല്‍ ബസ് ഉള്‍പ്പെടെയുള്ള പൊതുവാഹനങ്ങളില്‍ ജി.പി.എസ്. നിര്‍ബന്ധമാക്കാനാണ് തീരുമാനിച്ചിരുന്നത്.
2019 മുതല്‍ ഇത് നിര്‍ബന്ധമാക്കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എന്നാല്‍, സംസ്ഥാനസര്‍ക്കാരിന് ഇളവ് അനുവദിക്കുകയായിരുന്നു. സെപ്റ്റംബര്‍ 30 ആയിരുന്നു ജി.പി.എസ്. ഘടിപ്പിക്കാനുള്ള സമയപരിധി. ഇത് അവസാനിക്കുന്നതിനുമുന്നോടിയായാണ് തൊഴിലാളിസംഘടനാ പ്രതിനിധികള്‍ മന്ത്രിയെ സമീപിച്ചത്.
സ്ത്രീകളടക്കമുള്ള യാത്രക്കാരുടെ സുരക്ഷയെക്കരുതിയാണ് ജി.പി.എസ്. നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സ്വകാര്യബസുകളുടെ അതിവേഗം, റൂട്ട് തെറ്റിക്കല്‍, ട്രിപ്പ് റദ്ദാക്കല്‍ തുടങ്ങിയ ക്രമക്കേടുകളും മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഓണ്‍ലൈനില്‍ പരിശോധിക്കാനാകും.
അടിയന്തരസാഹചര്യങ്ങളില്‍ യാത്രക്കാര്‍ക്ക് പോലീസ് സഹായം തേടാനുള്ള പാനിക്ക് ബട്ടണ്‍ സംവിധാനവും ജി.പി.എസ്. ഘടിപ്പിച്ച വാഹനങ്ങളിലുണ്ട്. വാഹനം അപകടത്തില്‍പ്പെട്ടാലും എവിടെയാണുള്ളതെന്ന് കണ്ടെത്തി അടിയന്തരസഹായം നല്‍കാനുമാകും.
ജി.പി.എസ്. ഉപകരണങ്ങള്‍ കിട്ടാനില്ലെന്ന പരാതി അടിസ്ഥാനരഹിതമാണെന്ന് പറയപ്പെടുന്നു. പൊതുമേഖലാ സ്ഥാപനമായ യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ജി.പി.എസ്. നിര്‍മിക്കുന്നുണ്ട്.
Content Highlights: GPS Device In Public Service Vehicles
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..