വാഹനാപകടം കുറയ്ക്കുന്നതിനായി സിലിക്കൺ ചേർത്ത ഗുണമേന്മയുള്ള ടയറും അതിൽ സാധാരണ കാറ്റിനു പകരം നൈട്രജൻ നിറയ്ക്കുന്നതും നിർബന്ധമാക്കാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഡൽഹിയിൽനിന്ന് ആഗ്രയിലേക്കുള്ള യമുന അതിവേഗപാതയിലെ അപകടങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കു മറുപടി പറയവേ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയെ അറിയിച്ചതാണിത്.

ഡൽഹിക്കടുത്ത് ഗ്രേറ്റർ നോയ്ഡയിൽ നിന്ന് ആഗ്ര വരെയുള്ള അതിവേഗ പാതയുടെ പ്രതലം ഭൂരിഭാഗവും കോൺക്രീറ്റാണ്. അതുകൊണ്ടുതന്നെ ചൂടുകാലത്ത് വാഹനങ്ങളുടെ ടയർ പൊട്ടിയുള്ള അപകടങ്ങൾ കൂടുതലാണ്. 2016-ൽ 133 പേരും 2017-ൽ 146 പേരും കഴിഞ്ഞവർഷം 11 പേരുമാണ് ഇവിടെ അപകടത്തിൽ മരിച്ചത്.

വിദേശരാജ്യങ്ങളുടെ മാതൃകയിൽ ടയർ നിർമിക്കുമ്പോൾ റബ്ബറിനൊപ്പം സിലിക്കണും ചേർക്കുന്നത് നിർബന്ധമാക്കാനാണ് ആലോചിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ടയറിൽ സാധാരണ കാറ്റിനുപകരം നൈട്രജൻ നിറയ്ക്കുന്നതും സുരക്ഷിതത്വം കൂട്ടും. അന്താരാഷ്ട്ര നിലവാരമുറപ്പാക്കാൻ ഇതുവഴി സാധിക്കും. റോഡപകടങ്ങൾ കുറയ്ക്കാൻ 14,000 കോടി രൂപയുടെ പദ്ധതി കേന്ദ്രം തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

റോഡ് സുരക്ഷ സംബന്ധിച്ച ബിൽ പാർലമെന്റിലുണ്ടെന്നും അതു പാസാക്കാൻ പ്രതിപക്ഷം സഹായിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. രാജ്യത്ത് 30 ശതമാനം വ്യാജ ലൈസൻസുകളാണ്. ഇതു തടയാൻ പ്രയാസമാണ്. അതുകൊണ്ടാണു ബിൽ പാസാക്കാൻ അഭ്യർഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പരിശീലനം ലഭിച്ച 25 ലക്ഷം ഡ്രൈവർമാരുടെ കുറവുണ്ടെന്നും ഇതു പരിഹരിക്കാൻ പരിശീലനകേന്ദ്രങ്ങൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

Content Highlights: Govt To Make Silicon Tyre And Nitrogen To Prevent Accidents