പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് അധികതുക ഈടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. 12,000 രൂപയാണ് പെട്രോള്‍, ഡീസല്‍ കാറുകള്‍ക്ക് ലവി ചുമത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ നീക്കം.

ഇലക്ട്രിക് വാഹനം വാങ്ങുന്നവര്‍ക്ക് ബാറ്ററി കരുത്തിനനുസരിച്ച് സര്‍ക്കാര്‍ ഇന്‍സെന്റീവ് പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള പണം സമാഹരിക്കുന്നതിനായാണ് ഈ നീക്കത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമാക്കുന്നതെന്നാണ് വിലയിരുത്തലുകള്‍. 

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കാറുകളും വാങ്ങുമ്പോള്‍ 25,000 രൂപ മുതല്‍ 50,000 രൂപ വരെയുള്ള ആനുകൂല്യം ഒരുക്കാനാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് നീതി ആയോഗ് പ്രതിനിധി അറിയിച്ചിരുന്നു. 

എന്നാല്‍, നാല് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ആനുകൂല്യം 15,000 രൂപയായി കുറച്ചുകൊണ്ടുവരണമെന്നുമാണ് സര്‍ക്കാരിന്റെ പദ്ധതിയില്‍ പറയുന്നത്. ഇതിന് മാത്രമായി സര്‍ക്കാര്‍ ബജറ്റില്‍ 732 കോടി നീക്കിവെയ്ക്കും. 

ഇന്ത്യയില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്കും ഇന്‍സെന്റീവ് നല്‍കാനുള്ള തയാറെടുപ്പിലാണ് കേന്ദ്ര സര്‍ക്കാര്‍. കിലോവാട്ടിന് 6000 രൂപവീതമായിരിക്കും ആനുകൂല്യം നല്‍കുക. 

Content Highlight: Govt May Put Rs 12,000 Levy On New Petrol,Diesel Cars