ര്‍ക്കാര്‍ വാഹനങ്ങളെല്ലാം ഒറ്റ യൂണിറ്റായി പരിഗണിക്കാനും ആവശ്യാനുസരണം വിവിധ വകുപ്പുകള്‍ക്ക് വിട്ടുനല്‍കാനും ധനവകുപ്പ് നടപടിതുടങ്ങി. വാഹനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകള്‍ തടയുന്നതിനുള്ള കര്‍ശന നടപടികളുടെ ഭാഗമായാണിത്. ജോലിഭാരമേറെയുള്ള വില്ലേജ് ഓഫീസുകളടക്കം ആവശ്യത്തിന് വാഹനങ്ങള്‍ ലഭിക്കാതെ ബുദ്ധിമുട്ടുകയാണിപ്പോള്‍. ചില വകുപ്പുകളില്‍ ആവശ്യത്തിലധികം വാഹനങ്ങളുണ്ട്. 

അവയില്‍ പലതും വര്‍ഷങ്ങളായി ഉപയോഗിക്കാത്തവയുമാണ്. സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, ഗ്രാന്‍ഡ് ഇന്‍ എയ്ഡ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വാഹനങ്ങള്‍ ഒറ്റ യൂണിറ്റായി പരിഗണിച്ച് വിവിധ വകുപ്പുകളുടെ ആവശ്യങ്ങള്‍ക്ക് വിട്ടുനല്‍കാന്‍ ഓണ്‍ലൈനായി സംവിധാനമൊരുക്കാനാണ് ആലോചന.

ഇതിനായി ധനവകുപ്പിന്റെ വീല്‍സ് ഡേറ്റാബേസില്‍ വകുപ്പുകള്‍ സമര്‍പ്പിച്ച വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും കണക്കുകള്‍ പരിശോധിച്ചുവരികയാണ്. 2020 ഏപ്രില്‍മുതല്‍ വാഹനങ്ങള്‍ക്കുവേണ്ടി ചെലവായ തുകയും ഡ്രൈവര്‍മാരുടെ ശമ്പളം സംബന്ധിച്ച വിവരങ്ങളും അപ്ലോഡ് ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചാകും ബജറ്റില്‍ സര്‍ക്കാര്‍ വാഹനങ്ങള്‍ക്കായി തുക വകയിരുത്തുക. 

വാഹനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. മൈലേജ് പരിശോധനയ്ക്കും സ്‌പെയര്‍ പാര്‍ട്സ് വാങ്ങുന്നതിനും മെക്കാനിക്കല്‍ എന്‍ജിനീയറുടെ സേവനം പ്രയോജനപ്പെടുത്തും. ഇതിലൂടെ സാമ്പത്തിക ക്രമക്കേടുകള്‍ ഒഴിവാക്കാനാകും. 16,736 വാഹനങ്ങളും 8,451 ഡ്രൈവര്‍മാരും വീല്‍സില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നവംബര്‍ 30 വരെയാണ് രജിസ്റ്റര്‍ ചെയ്യാന്‍ സമയപരിധി നിശ്ചയിച്ചിരുന്നത്. ഇത് ഇപ്പോള്‍ നീട്ടിയിട്ടുണ്ട്.

ധനവകുപ്പ് കര്‍ശന നടപടികള്‍ തുടങ്ങിയതോടെ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നതും അതിന്റെപേരില്‍ ഉണ്ടാകുന്ന ക്രമക്കേടുകളും കുറഞ്ഞിട്ടുണ്ട്. വാഹനം സംബന്ധിച്ച ഇടപാടുകള്‍ കൂടുതല്‍ സുതാര്യവുമായി. വാഹനത്തിന്റെ നമ്പര്‍ ഉപയോഗിച്ച് പൊതുജനങ്ങള്‍ക്കും വീല്‍സ് പോര്‍ട്ടലില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാകും.

സര്‍ക്കാര്‍ ഓഫീസുകളിലെ വാഹനങ്ങളുടെയും ഡ്രൈവര്‍മാരുടെയും എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്കുകള്‍ ഇതുവരെ ഉണ്ടായിരുന്നില്ല. ഡ്രൈവര്‍ തസ്തികയില്‍ ചട്ടവിരുദ്ധമായി താത്കാലിക നിയമനങ്ങളും നടത്തിയിരുന്നു. ഇതിനെല്ലാം തടയിടാന്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ കാലത്തുതന്നെ ശ്രമം തുടങ്ങിയിരുന്നെങ്കിലും വകുപ്പുകളുടെ നിസ്സഹകരണംമൂലം നടപടികള്‍ നീണ്ടു.

Content Highlights: Government vehicles, Departmental vehicles, Kerala Government, veels software, Government drivers