കോട്ടയം: പുതുക്കിയ മോട്ടോര്‍വാഹന നിയമം വന്നതോടെ പിഴയിനത്തില്‍ സര്‍ക്കാരിന് വരുമാനം കൂടി. വന്‍തുക അടയ്ക്കാന്‍ പറ്റാതെ വരുന്നവര്‍ കേസെടുക്കാന്‍ പറഞ്ഞതോടെ ദിവസവുമുള്ള കേസുകളുടെ എണ്ണവും കൂടുന്നുണ്ട്. പിടിക്കപ്പെടുന്ന സംഭവങ്ങളില്‍ 40 ശതമാനംവരെ കേസായി മാറുകയാണ്.

കോട്ടയത്ത് സെപ്റ്റംബര്‍ മൂന്നിന് 30 നിയമലംഘന സംഭവങ്ങളാണ് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചത്. ഇതിലൂടെ 79,500 രൂപ പിഴയീടാക്കി. അതിന് തലേന്ന് 35,700 രൂപയാണ് പിഴയായി ലഭിച്ചത്. കര്‍ശന പരിശോധന തുടങ്ങിയത് മൂന്നുമുതലാണ്.

ഖനനനിരോധനം ഉള്ളതിനാല്‍ ക്വാറി ഉത്പന്നങ്ങളുമായി ലോറികള്‍ റോഡിലില്ല. ഇത്തരം വാഹനങ്ങള്‍ പരിധിക്കപ്പുറം ഭാരംകയറ്റി വരുക പതിവാണ്. ഇത് വലിയ പിഴയീടാക്കുന്ന കുറ്റമാണ്. അത്തരം വാഹനങ്ങള്‍ കൂടി വരുന്നതോടെ പിഴത്തുക ഇനിയുംകൂടും. പഴയ പിഴത്തുകയുള്ള സമയത്ത് ജില്ലയില്‍ മോട്ടോര്‍വാഹന വകുപ്പ് പ്രതിദിനം രണ്ടുലക്ഷംരൂപ വരെ വരുമാനം നേടിയിരുന്നു. ഭാരലോറികള്‍കൂടി നിരത്തില്‍ വരുമ്പോള്‍ ഇപ്പോഴത്തെ വരുമാനം ഇതിലേറെയാകും.

വലിയ പിഴത്തുക കാരണമാണ് 40 ശതമാനത്തോളംപേര്‍ കേസാക്കി പോകുന്നതെന്ന് മോട്ടോര്‍വാഹന വകുപ്പ് പറയുന്നു. ഈ തുകയും കൂടി വരുമെന്ന് കണക്കാക്കിയാല്‍ സര്‍ക്കാരിന്റെ വരുമാനം പിന്നെയും കൂടും.

നിയമലംഘനങ്ങള്‍ ഇവ

  • ഹെല്‍മെറ്റ് ഇല്ലാത്ത ഇരുചക്രവാഹനം ഓടിക്കല്‍.
  • രണ്ട് യാത്രികര്‍ക്കും ഹെല്‍മെറ്റ് വേണമെന്നാണ് നിയമം. തത്കാലം ഓടിക്കുന്ന ആളിന് നിര്‍ബന്ധം. പിന്നിലിരിക്കുന്ന ആളിന് ബോധവത്കരണം.
  • സീറ്റ് ബെല്‍റ്റ് ഇല്ലാതെ വാഹനം ഓടിക്കല്‍.
  • വണ്ടി ഓടിക്കുന്ന ആളിനുമാത്രമല്ല എല്ലാ യാത്രികര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം. (10 പേര്‍ക്കുവരെ യാത്രചെയ്യാവുന്ന വാഹനങ്ങളിലെ എല്ലാ യാത്രികര്‍ക്കും ബെല്‍റ്റ് വേണം. അല്ലാത്തതില്‍ ഡ്രൈവര്‍ക്ക് നിര്‍ബന്ധം.)

Content Highlights; revenue from traffic fines increase, new traffic rule violation fines