കേന്ദ്ര-ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐ.ടി. മന്ത്രാലയത്തിനുകീഴിലുള്ള ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങള്‍ (കോമണ്‍സര്‍വീസ് സെന്ററുകള്‍) വഴി ഇനി വൈദ്യുത വാഹനങ്ങള്‍ വാങ്ങാം. ഇന്ധനവില കുതിച്ചുയരുമ്പോള്‍ ഇ-വാഹനങ്ങള്‍ക്ക് ആവശ്യക്കാരേറുമെന്നതു കണക്കിലെടുത്താണു ഗ്രാമങ്ങളിലുള്‍പ്പെടെ ഡിജിറ്റല്‍ സേവാകേന്ദ്രങ്ങള്‍ ഡീലര്‍ഷിപ്പ് തുടങ്ങുന്നത്.
കൊല്ലം, കോട്ടയം, എറണാകുളം ജില്ലകളില്‍ ഡിജിറ്റല്‍ സേവാകേന്ദ്രങ്ങള്‍ ഡീലര്‍ഷിപ്പ് എടുത്തിട്ടുണ്ട്. തൃശ്ശൂരിലും ഡീലര്‍ഷിപ്പിനു ധാരണയായി. മറ്റു ജില്ലകളിലും നടപടി പുരോഗമിക്കുകയാണ്. ഇരുചക്ര-മുച്ചക്ര വാഹനങ്ങളാണ് ആദ്യമുണ്ടാവുക. രണ്ടാം ഘട്ടത്തില്‍ കാറുകളും വില്‍ക്കും. നിലവില്‍ ഹീറോ, മഹീന്ദ്ര, അവിയോ, കൈനറ്റിക് എന്നിവയുടെ വൈദ്യുതവാഹനങ്ങളാണു വില്‍ക്കുക.
കൂടുതല്‍ കമ്പനികളുടേത് അടുത്ത ഘട്ടത്തിലെത്തും. മറ്റു ഡീലര്‍മാര്‍ നല്‍കുന്നതിനെക്കാള്‍ വിലക്കുറവു നല്‍കി വിപണി പിടിക്കുകയാണു ഡിജിറ്റല്‍ സേവാ കേന്ദ്രങ്ങളുടെ ലക്ഷ്യം. സംസ്ഥാനത്ത് നാലായിരത്തോളം ഡിജിറ്റല്‍ സേവാകേന്ദ്രങ്ങളുണ്ട്. 20 കിലോ മീറ്റര്‍ ചുറ്റളവില്‍ ഒരു ഡീലര്‍ഷിപ്പേ അനുവദിക്കൂ.
ഡിജിറ്റല്‍ സേവനങ്ങളെക്കുറിച്ചു സാധാരണക്കാരെ അറിവുള്ളവരാക്കുന്നതിനും എളുപ്പത്തില്‍ സേവനം ലഭ്യമാക്കാനും ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായാണു സേവാകേന്ദ്രങ്ങള്‍ തുടങ്ങിയത്. കാര്‍ഷികോപകരണങ്ങള്‍ വാടകയ്ക്കു നല്‍കുന്ന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി സേവാകേന്ദ്രങ്ങള്‍ ഉടന്‍ അപേക്ഷ ക്ഷണിക്കും. കാര്‍ഷികോപകരണങ്ങള്‍ വാങ്ങാന്‍ കഴിയാത്ത ചെറുകിട-ഇടത്തരം കര്‍ഷകരെ സഹായിക്കാനാണിത്.
Content Highlights: Government Plans To Sell Electric Vehicles Through Digital Seva Centres