ളുകള്‍ക്ക് വാഹനം കൂടുതല്‍ പ്രാപ്യമാക്കാന്‍ ലക്ഷ്യമിട്ട് വിവിധവിഭാഗങ്ങളിലെ വാഹനനികുതിയില്‍ മാറ്റം പരിഗണിക്കാമെന്ന് സര്‍ക്കാര്‍. വിവിധ വാഹനവിഭാഗങ്ങളില്‍ തുടര്‍ച്ചയായി മാന്ദ്യം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇതേക്കുറിച്ച് ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ എല്ലാ വിഭാഗത്തിലും ഇളവുണ്ടാകുമെന്ന് പറയാനാകില്ല. എന്നാല്‍ ചില വിഭാഗങ്ങളില്‍ പ്രോത്സാഹന നടപടി ആകാമെന്ന് റവന്യൂ സെക്രട്ടറി തരുണ്‍ ബജാജ് പറഞ്ഞു. 

വാഹനനിര്‍മാതാക്കളുടെ കൂട്ടായ്മയായ സിയാമിന്റെ വാര്‍ഷികയോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. വാഹന വിപണിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസ്സിലാക്കാനും വിലയിരുത്താനും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ വില്‍പ്പനവളര്‍ച്ചയും വാഹനവിലയും സംബന്ധിച്ച വിശദാംശങ്ങള്‍ സര്‍ക്കാരിനുകൈമാറാന്‍ അദ്ദേഹം നിര്‍ദേശിച്ചു. വില്‍പ്പനയില്‍ വില ഏറെ നിര്‍ണായകമായുള്ള ഇരുചക്രവാഹന വിപണി വലിയ പ്രതിസന്ധിയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

ചെറുകാറുകള്‍ക്ക് 28 ശതമാനമാണ് ജി.എസ്.ടി. എസ്.യു.വികള്‍ക്ക് സെസ് അടക്കം കൂടുതല്‍ നികുതിയുണ്ട്. എന്നിട്ടും എസ്.യു.വി. വില്‍പ്പന കൂടുകയും ചെറുകാറുകള്‍ക്ക് ആവശ്യം കുറയുകയും ചെയ്യുന്ന സാഹചര്യം എന്തുകൊണ്ടാണെന്ന് പരിശോധിക്കാനും അദ്ദേഹം നിര്‍ദേശിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ സ്വാഗതം ചെയ്യുന്നതായി സിയാം അറിയിച്ചു. ആവശ്യപ്പെട്ട വിവരങ്ങള്‍ ഉടന്‍ കൈമാറും. ഏതാനും വര്‍ഷങ്ങളായി വാഹനവിപണി മാന്ദ്യത്തിലാണ്.

കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ യാത്രാ വാഹനവില്‍പ്പന 2015 -16 വര്‍ഷത്തെ നിലവാരത്തേക്കാള്‍ താഴെയായിരുന്നു. ഇരുചക്ര വാഹനവിപണി 2014 -15 വര്‍ഷത്തേക്കാളും വാണിജ്യവാഹന വില്‍പ്പന 2010 -11 വര്‍ഷത്തേക്കാളും മുച്ചക്രവാഹന വില്‍പ്പന 2002 -03 നിലവാരത്തിലും താഴെയാണുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി. അതേസമയം, മലിനീകരണം കുറഞ്ഞ വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ കൂടുതല്‍ നടപടികളെടുക്കേണ്ടതുണ്ടെന്ന് മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി. ഭാര്‍ഗവ പറഞ്ഞു.

ഇന്ത്യയില്‍ വാഹനങ്ങളുടെ ജി.എസ്.ടി. നിരക്ക് യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, അമേരിക്ക എന്നിവിടങ്ങളിലേതിന്റെ ഇരട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ളവര്‍ക്ക് വാഹനം അപ്രാപ്യമാക്കുന്നു. ഒറ്റത്തവണ സംസ്ഥാന റോഡ് നികുതി കൂടി ചേരുമ്പോള്‍ വാഹന നികുതി 37 മുതല്‍ 38 ശതമാനം വരെയാണിവിടെ. ജര്‍മനിയില്‍ 19 മുതല്‍ 20 ശതമാനം വരെയും ജപ്പാനില്‍ 18 മുതല്‍ 22 ശതമാനം വരെയുമാണ് വാഹന നികുതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlights: Government Planning To Reduce Vehicle Tax, GST, Auto GST