പോലീസുകാരടക്കം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നിയമ, ബാങ്കിങ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരും സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നതിനെതിരേ കര്‍ശന നടപടി വേണമെന്ന് മദ്രാസ് ഹൈക്കോടതി. 

മുന്‍ജനപ്രതിനിധികള്‍ സര്‍ക്കാര്‍ ചിഹ്നങ്ങള്‍ ഉപയോഗിച്ചാലും നിയമനടപടി സ്വീകരിക്കണമെന്ന് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യന്‍ നിര്‍ദേശിച്ചു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് സ്വമേധയാ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. 

സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെങ്കിലും അല്ലെങ്കിലും എല്ലാവരും തുല്യരായിരിക്കണമെന്നാണ് പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. 

സര്‍ക്കാര്‍ ചിഹ്നങ്ങള്‍ അനധികൃതമായി ഉപയോഗിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് ഒരു കേസ് പോലും രജിസ്റ്റര്‍ ചെയ്യാത്തതില്‍ കോടതി അതൃപ്തി അറിയിച്ചു. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ പോലീസ് കാഴ്ചക്കാരായി നില്‍ക്കുന്നത് ദുഃഖകരമാണെന്ന് അഭിപ്രായപ്പെട്ട കോടതി ഹര്‍ജിയില്‍ അടുത്തദിവസം വിശദമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.

Content Highlights: Government logos in private vehicles, Madras high court, private vehicles