പയോഗശൂന്യമായതും കാലാവധി കഴിഞ്ഞതുമായ വാഹനങ്ങള്‍ പൊളിക്കാന്‍ സ്വകാര്യപങ്കാളിത്തം അനുവദിച്ച് കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗരേഖ ഇറങ്ങി. സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്ക് പൊളിക്കല്‍ കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിനുണ്ടാകുന്ന കാലതാമസം പരിഗണിച്ചാണിത്. സ്വകാര്യ കമ്പനികള്‍, സഹകരണസംഘങ്ങള്‍, വ്യക്തികള്‍ എന്നിവര്‍ക്ക് 'രജിസ്ട്രേഡ് വെഹിക്കിള്‍ സ്‌ക്രാപ്പിങ് ഫെസിലിറ്റി' എന്ന പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുടങ്ങാം. ഇവയുടെ ലൈസന്‍സ് ഫീസ് ഇനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനവും ഉറപ്പാക്കുന്നുണ്ട്.

പരിസ്ഥിതി ദോഷമുണ്ടാകാത്തവിധം ഘടകങ്ങള്‍ വേര്‍തിരിച്ച് സംസ്‌കരിക്കാനാവശ്യമായ സജ്ജീകരണങ്ങള്‍ കേന്ദ്രങ്ങള്‍ക്കു വേണം. പരിസ്ഥിതിമലിനീകരണവ്യവസ്ഥകള്‍ പാലിച്ചായിരിക്കണം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്. മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ അനുമതിയും നേടണം.

കഴിഞ്ഞ കേന്ദ്രബജറ്റിലാണ് പഴയവാഹനങ്ങള്‍ക്കുള്ള പൊളിക്കല്‍നയം കേന്ദ്രം പ്രഖ്യാപിച്ചത്. വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുന്ന ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍, പൊളിക്കല്‍കേന്ദ്രങ്ങള്‍ എന്നിവ ഇതിന്റെ ഭാഗമായി സജ്ജീകരിക്കണം. പൊളിക്കല്‍ കേന്ദ്രങ്ങള്‍ക്കുള്ള കരട് മാര്‍ഗനിര്‍ദേശങ്ങളാണ് കേന്ദ്രഉപരിതല ഗതാഗതമന്ത്രാലയം പ്രസിദ്ധീകരിച്ചത്. ഓട്ടോമേറ്റഡ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ക്കും സ്വകാര്യപങ്കാളിത്തം അനുവദിച്ചേക്കും.

വാഹനം മോഷ്ടിച്ചതല്ലെന്നും കേസുകളില്‍ ഉള്‍പ്പെട്ടതല്ലെന്നും ഉറപ്പുവരുത്തിയാകും പൊളിക്കുക. നാഷണല്‍ ക്രൈംരജിസ്റ്ററില്‍നിന്നും ഇതിനായി അനുമതിതേടും. വാഹനരജിസ്ട്രേഷന്‍ സംവിധാനമായ വാഹന്‍പോര്‍ട്ടലിലേക്ക് രജിസ്ട്രേഷന്‍ റദ്ദാക്കാനുള്ള വിവരം കൈമാറുകയും ഉടമയ്ക്ക് സ്‌ക്രാപ്പ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്യും.

കോടതിയും പോലീസും കണ്ടുകെട്ടുന്ന വാഹനങ്ങള്‍, ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍, വായ്പാ കുടിശ്ശിക, ധനകാര്യസ്ഥാപനങ്ങള്‍ ഏറ്റെടുത്ത വാഹനങ്ങള്‍ എന്നിവയും പൊളിക്കാം. വ്യക്തികള്‍ നേരിട്ട് എത്തിക്കുന്ന വാഹനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഉടമയുടെ സമ്മതപത്രം, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ നല്‍കണം.

Content Highlights: Government Give Permission To Private Companies Fir Start Vehicle Scraping Center