വൈദ്യുതവാഹനങ്ങള്‍ മാത്രം വാടകയ്ക്ക് എടുത്താല്‍ മതിയെന്ന നിര്‍ദേശം സര്‍ക്കാര്‍ വകുപ്പുകളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും വലയ്ക്കുന്നു. ചാര്‍ജിങ് സെന്ററുകള്‍ ഇല്ലാത്തതിനാല്‍ ദൂരയാത്രകളിലാണ് ബുദ്ധിമുട്ട്. പൊതു ചാര്‍ജിങ് സെന്ററുകള്‍ ആരംഭിക്കാനുള്ള നീക്കം വൈദ്യുതിബോര്‍ഡ് ആരംഭിച്ചിട്ടേയുള്ളൂ. അനെര്‍ട്ടാണ് നോഡല്‍ ഏജന്‍സി.

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ വാടകയ്ക്ക് എടുക്കുന്നത് തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിക്കഴിഞ്ഞു. ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് വൈദ്യുതവാഹനങ്ങള്‍ക്ക് വാടക കൂടുതലാണെന്നതാണ് മറ്റൊരു ന്യൂനത. സര്‍ക്കാര്‍വകുപ്പുകള്‍ പുതുതായി വാങ്ങുന്നതില്‍ പത്തുശതമാനം വൈദ്യുത വാഹനങ്ങള്‍ ആയിരിക്കണമെന്നതാണ് മറ്റൊരു നിബന്ധന.

6.5 ലക്ഷത്തിന് ചെറുകാറുകള്‍ ലഭിക്കും. 600-700 കിലോമീറ്ററില്‍ താഴെ പ്രതിമാസ ഉപയോഗമുള്ള ഡിപ്പാര്‍ട്ടുമെന്റുകളുണ്ട്. ഇവയ്ക്ക് 3500-4000 രൂപ ഇന്ധനച്ചെലവ് മതിയാകും. എന്നാല്‍, വൈദ്യുതകാറുകള്‍ വാങ്ങണമെങ്കില്‍ 11 ലക്ഷം രൂപയെങ്കിലും ചെലവിടേണ്ടിവരും. പട്രോളിങ് ഉള്‍പ്പെടെയുള്ള ഉപയോഗങ്ങള്‍ക്ക് വൈദ്യുത വാഹനങ്ങള്‍ ലാഭകരമാണ്. 

മോട്ടോര്‍വാഹനവകുപ്പ് 60 ടാറ്റ നെക്‌സണ്‍ കാറുകള്‍ അനെര്‍ട്ടില്‍നിന്ന് വാടകയ്ക്ക് എടുക്കുന്നുണ്ട്. ഒരു കാറിന് മാസം 32,500 രൂപയാണ് വാടക. ഡ്രൈവറുടെ ശമ്പളംകൂടി കണക്കിലെടുക്കുമ്പോള്‍ 58,000 രൂപ ചെലവ് വരും. ഇന്ധനച്ചെലവും ഡ്രൈവറും അടക്കം 3000 കിലോമീറ്റര്‍ ഓടാന്‍ ഇപ്പോള്‍ ബൊലേറോ വാടകയ്ക്ക് എടുത്തിട്ടുള്ളത് 98,000 രൂപയ്ക്കാണ്.

Content Highlights: Government Departments Turns To Electric Vehicles,Insufficient Charging Stations