നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന കോണ്‍ട്രാക്ട് കാര്യേജ് സര്‍വീസുകള്‍ക്കും പാരലല്‍ സര്‍വീസുകള്‍ക്കും പൂട്ടിടാന്‍ സംയുക്ത നീക്കം. ഇതിനായി ശക്തമായ നടപടികള്‍ കൈക്കൊള്ളാന്‍ ഗതാഗത വകുപ്പിന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം. മോട്ടോര്‍ വാഹന നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി സ്റ്റേജ് കാര്യേജ് സര്‍വീസുകളായി ദിനംപ്രതി സര്‍വീസ് നടത്തുന്നുണ്ട്.
ഇത് കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനത്തെ വലിയ തോതില്‍ ബാധിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ കെ.എസ്.ആര്‍.ടി.സി. ബോണ്ട് സര്‍വീസുകള്‍ വഴി വരുമാനം നേടുന്നുണ്ട്. എന്നാല്‍ ഇവിടെയും അനധികൃത കോണ്‍ട്രാക്ട് കാര്യേജ് സര്‍വീസുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് പാരയാണ്.
അനധികൃത സ്റ്റേജ് കാര്യേജ് സര്‍വീസ് നടക്കുന്നിടത്ത് കെ.എസ്.ആര്‍.ടി.സി. ഫീഡര്‍ സര്‍വീസുകള്‍ ആരംഭിക്കാന്‍ പഠനം നടത്തിയിരുന്നു. എന്നാല്‍ ഇവിടെ നിന്നെല്ലാം ലഭിച്ച വിവരങ്ങളും സ്റ്റേജ് കാര്യേജ് ബസുകളുടെ മേഖലയിലെ സ്വാധീനം തന്നെയായിരുന്നു. ഇതിനാല്‍ത്തന്നെ ഇതിന് പൂട്ടിടേണ്ടത് കെ.എസ്.ആര്‍.ടി.സി.യുടെ ആവശ്യവുമാണ്.
സ്റ്റേജ് കാര്യേജ് സര്‍വീസുകളുടെ കാര്യം കെ.എസ്.ആര്‍.ടി.സി. അറിയിച്ചതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരോട് വിഷയത്തില്‍ ശക്തമായ നടപടികള്‍ എടുക്കാന്‍ ഒക്ടോബറില്‍ നിര്‍ദേശം നല്‍കി. എന്നാല്‍ ആവശ്യമുള്ള നടപടികളുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം വിഷയം ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി. സി.എം.ഡി. കത്ത് നല്‍കുകയായിരുന്നു.
നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സര്‍വീസുകള്‍ക്കെതിരേ ശക്തമായ പരിശോധന നടത്താനാണ് നിര്‍ദേശം. പരിശോധനാ സംവിധാനം നടത്താന്‍ ആവശ്യമായ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ സേവനം കെ.എസ്.ആര്‍.ടി.സി.യുടെ സംയുക്ത സ്‌ക്വാഡിന് നല്‍കാനും ഗതാഗത വകുപ്പിന് നിര്‍ദേശമുണ്ട്.
കെ.എസ്.ആര്‍.ടി.സി.യുടെ സ്‌ക്വാഡില്‍ ഇവരോടൊപ്പം കെ.എസ്.ആര്‍.ടി.സി.യുടെ പ്രതിനിധിയും പോലീസും ഉണ്ടാകും. ഇവര്‍ വരും ദിവസങ്ങളില്‍ അനധികൃത സ്റ്റേജ് കാര്യേജ് കൂടുതലുള്ള ഇടങ്ങളില്‍ പരിശോധന ആരംഭിക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ വാടകയ്ക്ക് എടുത്ത് ഓഫീസില്‍ എത്തിച്ചേരാന്‍ ഉപയോഗിക്കുന്ന വാഹനങ്ങള്‍ നിയമപ്രകാരം ഉപയോഗിക്കാന്‍ അനുമതിയുണ്ട്. മറ്റ് വാഹനങ്ങള്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാകും.
Content Highlights: Government Department Taking Strict Actions Against Illegal Contract Carriage Service