വിൻഡോ കർട്ടണും കൂളിങ്ങും പതിച്ച് സർക്കാർ വാഹനങ്ങൾ
വാഹനങ്ങളില്‍ കൂളിങ്ങ് ഫിലിം (സണ്‍ഫിലിം) പതിപ്പിക്കുന്നതിനെതിരേ കര്‍ശനമായി നടപടി സ്വീകരിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് വാഹനത്തിന്റെ ഉള്ളിലെ കാഴ്ച മറയ്ക്കുന്ന കൂളിങ്ങ് ഫിലിമുകളോ കര്‍ട്ടണുകളോ ഉപയോഗിക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍, നമ്മുടെ നിരത്തുകളില്‍ ഓടുന്ന കാറുകളില്‍ ഇപ്പോഴും കൂളിങ്ങ് ഫിലിമുകള്‍ ഉപയോഗിക്കുന്നുണ്ട്. സാധാരണക്കാരുടെ വാഹനങ്ങള്‍ക്ക് പുറമെ, ഭരണതലത്തിലുള്ളവരുടെ ഔദ്യോഗിക വാഹനത്തിലും സണ്‍ഫിലിമുകള്‍ സുലഭമാണ്.
സാധാരണക്കാരുടെ വാഹനങ്ങളില്‍ സണ്‍ഫിലിം ശ്രദ്ധയില്‍പ്പെട്ടാല്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പോലീസും നിയമലംഘനത്തിനുള്ള പിഴ ഉള്‍പ്പെടെ നടപടി സ്വീകരിക്കുകയും ഇത് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയും ചെയ്യും. എന്നാല്‍, ഈ നിയമത്തിന് പുല്ലുവില കല്‍പ്പിച്ച് കൂളിങ്ങും കര്‍ട്ടണുമായി നിരത്തുകളില്‍ ഇറങ്ങുന്ന വാഹനങ്ങളെ കുറിച്ച് തിരുവനന്തപുരം നഗരത്തില്‍ മാത്രം മാതൃഭൂമി ന്യൂസ് നടത്തിയ അന്വേഷണത്തില്‍ എം.എല്‍.എയുടെ കാര്‍ മുതല്‍ വൈസ് ചെയര്‍മാന്റെ കാര്‍ വരെ ഈ നിയമലംഘനം നടത്തുന്നുണ്ടെന്നാണ് കണ്ടെത്തിയത്.
സാധാരണയായി കൂളിങ്ങ് സ്റ്റിക്കറിന് പിഴ ലഭിക്കുന്ന സാധാരണക്കാര്‍ ചോദിക്കുന്ന ചോദ്യമുണ്ട്, ഉദ്യോഗസ്ഥരുടെ വണ്ടിയില്‍ കൂളിങ്ങ് ഒട്ടിക്കുന്നത് എം.വി.ഡി. കാണുന്നില്ലേയെന്ന്. ഇത്തരത്തില്‍ പിന്നിലെ വിന്‍ഡ് ഷീല്‍ഡ് കര്ട്ടണ് ഇട്ട് മറച്ച എം.എല്‍.എയുടെ ഔദ്യോഗിക വാഹനം, കൂളിങ്ങ് സ്റ്റിക്കര്‍ ഒട്ടിച്ചിട്ടുള്ള കേരള സര്‍ക്കാര്‍ ബോര്‍ഡ് വെച്ച കാര്‍, കര്ട്ടണ് ഇട്ട മറ്റൊരു സര്‍ക്കാര്‍ വാഹനം, കര്ട്ടണ് ഇട്ട് ഗ്ലാസ് മറച്ച ഡയറക്ടറേറ്റ് ഓഫ് സ്പോര്‍ട്സ് ആന്‍ഡ് യൂത്ത് അഫയേഴ്സിന്റെ വാഹനം, കര്ട്ടണ് ഇട്ട് പിന്നിലെ ഗ്ലാസ് മറച്ചിരിക്കുന്ന മേയറുടെയും ഡെപ്യൂട്ടി മേയറുടെയും ഔദ്യോഗിക വാഹനം എന്നിവയാണ് നിയമലംഘനം ശ്രദ്ധയില്‍പെട്ട ഔദ്യോഗിക വാഹനങ്ങള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..