
വാഹന പൊളിക്കൽ കേന്ദ്രം, കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി | Photo: Mathrubhumi, ANI
കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ പൊളിച്ച് നീക്കുന്നതിനുള്ള വാഹന പൊളിക്കല്‍ നയം രാജ്യത്ത് നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. 15 വര്‍ഷം പഴക്കമുള്ള വാണിജ്യ വാഹനങ്ങളും 20 വര്‍ഷം പഴക്കം ചെന്ന സ്വകാര്യ വാഹനങ്ങളുമായിരിക്കും പൊളിക്കുകയെന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനായി രാജ്യത്തെ ആദ്യ അംഗീകൃത പൊളിക്കല്‍ കേന്ദ്രം നോയിഡയില്‍ ആരംഭിക്കുകയും ചെയ്തിരുന്നു. മാരുതിയും ടൊയോട്ടയും ചേര്‍ന്നാണ് ഈ കേന്ദ്രം ഒരുക്കിയിരിക്കുന്നത്.
വാഹന പൊളിക്കല്‍ നയം നടപ്പിലാകുന്നതോടെ ഒരോ ജില്ലയിലും രണ്ടും മൂന്നും പൊളിക്കല്‍ കേന്ദ്രങ്ങള്‍ തുറക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഹരിയാണയില്‍ ആരംഭിച്ച പുതിയ വെഹിക്കിള്‍ സ്ക്രാപ്പിങ്ങ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജപ്പാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കയ്ഹോ സാങ്യോ എന്ന കമ്പനിയുമായി ചേര്‍ന്ന് അഭിഷേക് ഗ്രൂപ്പാണ് ഹരിയാനയിലെ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.
പ്രതിമാസം 1800 വാഹനങ്ങള്‍ വരെ പൊളിക്കാന്‍ ശേഷിയുള്ള കേന്ദ്രമാണ് അഭിഷേക് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഹരിയാണയില്‍ തുറന്നിരിക്കുന്നത്. ഇതിനുപുറമെ, പൊളിക്കുന്ന വാഹനങ്ങളിലെ പാര്‍ട്സുകള്‍ സൂക്ഷിക്കുന്നതിനും വീണ്ടും ഉപയോഗിക്കാനും ഏറ്റവും പുതിയ സാങ്കേതികവിദ്യകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ള രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏഴ് മുതല്‍ എട്ട് വരെ പൊളിക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കാനും അഭിഷേക് ഗ്രൂപ്പിന് പദ്ധതിയുണ്ട്.
പുതിയ സ്ക്രാപ്പിങ്ങ് കേന്ദ്രങ്ങള്‍ക്കായി സമയക്രമമോ പ്രത്യേക പദ്ധതിയോ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്ത്യന്‍ വിപണിയില്‍ സ്ക്രാപ്പിങ്ങ് കേന്ദ്രങ്ങള്‍ക്ക് വലിയ സാധ്യതയാണുള്ളതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. രാജ്യത്തെ റോഡ് നിര്‍മാണത്തിനായി പഴയ ടയറുകളും പ്ലാസ്റ്റിക്കുകളും പോലെയുള്ള അസംസ്കൃത വസ്തുകള്‍ ഉപയോഗിക്കുന്നതിനുള്ള പദ്ധകളും സര്‍ക്കാര്‍ ഒരുക്കുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ഈ ആവശ്യത്തിനായി പഴയ ടറുകള്‍ ഇറക്കുമതി ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2021 ഓഗസ്റ്റിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയില്‍ വാഹന പൊളിക്കല്‍ നയം നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത്. ഈ പദ്ധതിയിലൂടെ 10,000 കോടി രൂപയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. ഈ പദ്ധതി നടപ്പാകുന്നതോടെ അസംസ്കൃത വസ്തുകളുടെ വിലയില്‍ 40 ശതമാനത്തിന്റെ കുറവുണ്ടാകുമെന്നും, നിലവില്‍ 22,000 കോടി രൂപയുടെ സ്ക്രാപ്പ് സ്റ്റീല്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നുണ്ടെന്നും സ്ക്രാപ്പ് പോളിസി നടപ്പാക്കുന്നതോടെ ഇതില്‍ കാര്യമായി കുറവുണ്ടാകുമെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടിരുന്നു.
വാണിജ്യവാഹനങ്ങള്‍ക്ക് 15 വര്‍ഷവും സ്വകാര്യവാഹനങ്ങള്‍ക്ക് 20 വര്‍ഷവുമാണ് കാലാവധി കണക്കാക്കുന്നത്. തുടര്‍ന്ന്, ഫിറ്റ്നസ് പരിശോധനയിലും പരാജയപ്പെടുന്നവയാണ് പൊളിക്കേണ്ടത്. പഴയവാഹനം പൊളിച്ചതിന്റെ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പുതിയത് വാങ്ങുമ്പോള്‍ രജിസ്ട്രേഷന് ഫീസ് വേണ്ടാ. റോഡ് നികുതിയില്‍ 25 ശതമാനം വരെ ഇളവുലഭിക്കും. വാഹനനിര്‍മാതാക്കള്‍ വിലയില്‍ അഞ്ചുശതമാനം ഇളവും നല്‍കും. ജി.എസ്.ടി.യിലും ഇളവുണ്ടാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..