പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
മൈല്‍ കുറ്റികള്‍ നോക്കിയും മറ്റ് അടയാളങ്ങള്‍ പിന്തുടര്ന്നും വഴി ചോദിച്ചുമുള്ള യാത്രകള്‍ അവസാനിപ്പിക്കാന്‍ ആളുകളെ ശീലിപ്പിച്ച ഒന്നാണ് ഗൂഗിള്‍ മാപ്പ്. ആധുനികകാലത്ത് ഡ്രൈവിങ്ങിന് ഇത് ഏറെ സഹായകരമാണ്. എന്നാല്‍, ചിലപ്പോഴെങ്കിലും ഗൂഗിള്‍ മാപ്പിനും വഴി പിഴക്കാറുണ്ട്. ഇതിന്റെ തെളിവാണ് മാപ്പിന്റെ സഹായത്തോടെ യാത്ര ചെയ്ത് അപകടത്തില്‍പെട്ടു എന്നുള്ള വാര്‍ത്തകളും മറ്റും. കഴിഞ്ഞ ദിവസവും ഇത്തരത്തില്‍ ഒരു അപകടം കോട്ടയം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഗൂഗിള്‍ മാപ്പിന്റെ സഹായത്തോടെയുള്ള അപകടങ്ങള്‍ കൂടുതലും മണ്‍സൂണ്‍ കാലങ്ങളിലാണ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്ത അപകടത്തിലും മഴ വില്ലനായിരുന്നു. മൂന്നാറില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കര്‍ണാടകയില്‍ നിന്നുള്ള ടൂറിസ്റ്റ് സംഘത്തിനാണ് അപകടമുണ്ടായത്. ഗൂഗിള്‍ മാപ്പ് നോക്കിയാണ് സഞ്ചരിച്ചതെന്നും കടവിന്റെ ഭാഗത്ത് എത്തിയപ്പോഴും മുന്നോട്ട് പോകാനാണ് മാപ്പിലൂടെ നിര്‍ദേശം ലഭിച്ചതെന്നുമാണ് അപകടത്തില്പെട്ടവര് പറഞ്ഞത്.
ട്രാഫിക് കുറവുള്ള റോഡുകളെ മാപ്പിന്റെ അല്‍ഗോരിതം എളുപ്പത്തിലെത്തുന്ന വഴിയായി കാണിക്കാറുണ്ട്. ഈ വഴി നമുക്ക് നിര്‍ദേശിക്കുകയും ചെയ്യും. എന്നാല്‍, തിരക്ക് കുറവുള്ള റോഡുകള്‍ എപ്പോഴും സുരക്ഷിതമായിരിക്കണമെന്നില്ല. തോടുകള്‍ കവിഞ്ഞൊഴുകിയും മണ്ണിടിഞ്ഞും യാത്ര സാധ്യമല്ലാത്ത റോഡുകളിലും വീതി കുറഞ്ഞ റോഡുകളിലും അപകട സാധ്യത കൂടുതലുള്ള വഴികളിലും തിരക്ക് കുറവായതിനാല്‍ ഗൂഗിള്‍ അല്‍ഗോരിതം ഈ വഴി നിര്‍ദേശിക്കാന്‍ ഇടയുണ്ട്.
എന്നാല്‍, ഇത്തരം വഴികള്‍ നമ്മളെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചുകൊള്ളണമെന്നില്ല. ഇതിനുപുറമെ, പലപ്പോഴും ജി.പി.എസ് സിഗ്നല്‍ നഷ്ടപ്പെടുന്നത് വഴി രാത്രികാലങ്ങളിലും മറ്റും ഊരാക്കുടുക്കിലാകുകയും ചെയ്തേക്കും. വിദേശ രാജ്യങ്ങളിലും മറ്റും മഞ്ഞ് വീഴ്ച സംഭവിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ ജി.പി.എസ്. ഉപയോഗിക്കുന്നതില്‍ നിയന്ത്രണ മുന്നറിയിപ്പ് നല്‍കുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണെന്നാണ് വിലയിരുത്തലുകള്‍.
സഞ്ചാരികള്‍ കൂടുതലായി തിരയുന്ന റിസോര്‍ട്ടുകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ഗൂഗിള്‍ ലൊക്കേഷനില്‍ മനപൂര്‍വ്വമോ അല്ലാതെയോ തെറ്റായി രേഖപ്പെടുത്തി ആളുകളെ വഴിതെറ്റിക്കുന്നതും അപകടത്തില്‍ പെടുന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അപകട സാധ്യതയുള്ള സമയത്തും രാത്രി യാത്രയിലും വിജനമായ റോഡുകള്‍ ഒഴിവാക്കുന്നതാണ് സുരക്ഷതം. സിഗ്നല്‍ നഷ്ടപ്പെടാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ ആദ്യമേ റൂട്ട് ഡൗണ്‍ലോഡ് ചെയ്ത് വയ്ക്കുന്നതും യാത്രയില്‍ ഏറെ സഹായകമാകും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..