യു.എ.ഇ. ഡ്രൈവിങ് ലൈസന്‍സിനുള്ള ക്ലാസുകള്‍ സമീപഭാവിയില്‍തന്നെ ഇന്ത്യയില്‍നിന്ന് പഠിക്കാന്‍ അവസരമൊരുങ്ങുന്ന പദ്ധതിക്ക് ധാരണയായി. ക്ലാസുകള്‍ പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുമായി യു.എ.ഇ.യില്‍ എത്തുന്നവര്‍ക്ക് ഉടന്‍തന്നെ റോഡ് ടെസ്റ്റിന് അവസരമൊരുക്കുന്ന പദ്ധതിയാണിത്.

അധികം പണച്ചെലവില്ലാതെ യു.എ.ഇ. ലൈസന്‍സ് സ്വന്തമാക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ ഗുണം. യു.എ.ഇ. നിയമസംവിധാനങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഡ്രൈവിങ് പഠന കേന്ദ്രങ്ങള്‍ ഉടന്‍ തന്നെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങും. 

ഇന്ത്യയിലെ നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും യു.എ.ഇ. യൂത്ത് ചേംബര്‍ ഓഫ് കൊമേഴ്സുമായി ചേര്‍ന്നാണ് വിപ്ലവകരമായ ഈ പദ്ധതി നടപ്പാക്കുക.

താത്പര്യമുള്ളവര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ ഡ്രൈവിങ് ലൈസന്‍സ് സ്വന്തമാക്കന്‍ ഇതിലൂടെ സാധിക്കുമെന്ന് നാഷണല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സി.ഇ.ഒ.യും എം.ഡി.യുമായ ഡോ. മനീഷ് കുമാര്‍ വ്യക്തമാക്കിയതായി ഒരു ഇംഗ്ലീഷ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. 

എക്‌സ്‌പോ 2020 അടക്കമുള്ള വന്‍ പദ്ധതികളുടെ ഭാഗമായി ഒട്ടേറെ തൊഴിലവസരമാണ് യു.എ.ഇ.യിലുണ്ടാവുക. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരമൊരു യോജിച്ച പ്രവര്‍ത്തനത്തിന് ഇരുരാജ്യങ്ങളും തയ്യാറെടുക്കുന്നത്.

Content Highlights: UAE Driving Licence Lessons In India