ന്യൂയോര്‍ക്ക്: ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സിനെതിരേ പരാതിയുമായി ജനറല്‍ മോട്ടോഴ്സ്. യുണൈറ്റഡ് ഓട്ടോ വര്‍ക്കേഴ്സ്(യു.എ.ഡബ്ല്യു.) യൂണിയന്‍ മേധാവികളില്‍ നിന്ന് അനുകൂല കരാര്‍ നേടുന്നതിന് ഫിയറ്റ് ക്രിസ്ലര്‍ കൈക്കൂലി നല്‍കിയതായാണ് ജനറല്‍ മോട്ടോഴ്സിന്റെ ആരോപണം.

ഇതുവഴി തൊഴില്‍ ചര്‍ച്ചകളില്‍ കമ്പനി അന്യായ നേട്ടമുണ്ടാക്കിയതായും ജനറല്‍ മോട്ടോഴ്സ് ആരോപിച്ചിട്ടുണ്ട്. യു.എ.ഡബ്ല്യു. മേധാവികള്‍ക്ക് കൈക്കൂലി നല്‍കിയ മുന്‍ ഫിയറ്റ് ഉദ്യോഗസ്ഥരുടെ നടപടിയെക്കുറിച്ചും ജനറല്‍ മോട്ടോഴ്സ് പരാതിയില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

യു.എ.ഡബ്ല്യു. ജനറല്‍ മോട്ടോഴ്സില്‍ ദിവസങ്ങള്‍ നീണ്ട സമരം നടത്തിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് യൂണിയനെതിരേ അഴിമതി ആരോപണവുമായി കമ്പനി എത്തിയിരിക്കുന്നത്.

ഫിയറ്റ് ക്രിസ്ലര്‍ വ്യാപകമായി ക്രമക്കേടുകള്‍ ചെയ്തിട്ടുണ്ടെന്നും യൂണിയനുമായുള്ള ചര്‍ച്ചകള്‍ പ്രയോജനപ്പെടുത്താനും ആനുകൂല്യങ്ങള്‍ നേടാനും കോടിക്കണക്കിന് ഡോളര്‍ കൈക്കൂലി നല്‍കിയതായും ജനറല്‍ മോട്ടോഴ്സ് പ്രഖ്യാപിച്ചു. എന്നാല്‍, ഫിയറ്റ് ആരോപണം നിഷേധിച്ചു. അതേസമയം, അഴിമതിയാരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തെത്തുടര്‍ന്ന് ഗാരി ജോണ്‍സണ്‍ യു.എ.ഡബ്ല്യു. പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

Content Highlights; general motors sues fiat chrysler over bribes to auto union