പെട്രോള്‍, ഡീസല്‍വില കുത്തനെ ഉയരുമ്പോഴും സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ കുതിപ്പിന് തടസ്സം ചാര്‍ജിങ് സെന്ററുകളുടെ കുറവ്. വൈദ്യുത വാഹനനയം പ്രഖ്യാപിച്ച് രണ്ടുവര്‍ഷം ആകുമ്പോഴും ആവശ്യത്തിന് ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകളായിട്ടില്ല. തിരുവനന്തപുരത്തുനിന്ന് ഒരു വൈദ്യുത കാറുമായി തിരിച്ചാല്‍ എറണാകുളത്ത് ചാര്‍ജ് തീര്‍ന്ന് കുടുങ്ങും. വീടുകളില്‍നിന്ന് കാര്‍ ബാറ്ററി പൂര്‍ണമായും ചാര്‍ജ് ചെയ്യണമെങ്കില്‍ കുറഞ്ഞത് ആറുമുതല്‍ എട്ടുമണിക്കൂര്‍വരെ വേണം.

സംസ്ഥാനത്തുടനീളം ഫാസ്റ്റ് ചാര്‍ജിങ് സെന്ററുകള്‍ സജ്ജീകരിക്കാനുള്ള ചുമതല വൈദ്യുതി ബോര്‍ഡിനാണ്. ഇതുവരെ ആറു കേന്ദ്രങ്ങളാണ് സജ്ജമായത്. ശേഷിക്കുന്ന 56 എണ്ണത്തിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. ഒറ്റചാര്‍ജിങ്ങില്‍ ശരാശരി 250 കിലോമീറ്റര്‍ ഓടുന്ന കാറുകളാണ് വിപണിയിലുള്ളത്. നികുതിയില്‍ ഇളവുണ്ടെങ്കിലും വിലക്കൂടുതലും പ്രതികൂല ഘടകമാണ്. പ്രചാരത്തിലുള്ള ഒരു ഇലക്ട്രിക് കോംപാക്ട് എസ്.യു.വി.യുടെ വില 15 ലക്ഷത്തിലാണ് ആരംഭിക്കുന്നത്. ഇതിന്റെ പെട്രോള്‍ മോഡലിന് 7.50 ലക്ഷം മതിയാകും. പെട്രോള്‍ മോഡലുകളുമായി വലിയ വിലവ്യത്യാസമില്ലാതെയാണ് ഇ-ഓട്ടോറിക്ഷകള്‍ എത്തിയത്.

കെ.എസ്.ആര്‍.ടി.സി.ക്ക് പരിമിതികളേറെ

വിലക്കൂടുതലും പ്രായോഗിക ബുദ്ധിമുട്ടുമാണ് കെ.എസ്.ആര്‍.ടി.സി.യുടെ വെല്ലുവിളികള്‍. ബസൊന്നിന് ഒരു കോടിയിലേറെ മുടക്കണം. പ്രതീക്ഷിക്കാവുന്ന പരമാവധി പ്രതിദിന വരുമാനം 15,000 രൂപയാണ്. കമ്പനികളില്‍നിന്ന് ഷാസി വാങ്ങി ഹ്രസ്വദൂര, ദീര്‍ഘദൂര, സിറ്റി സര്‍വീസുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ കോച്ച് നിര്‍മിക്കുന്ന രീതിയാണ് ഇപ്പോള്‍ തുടരുന്നത്. ഇത് നിലവിലെ വൈദ്യുത ബസുകളില്‍ സാധ്യമല്ല. ചൈനീസ് സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച ബി.വൈ.ഡി.യുടെ ബസുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വാടകയ്ക്ക് എടുത്ത ഈ ബസുകള്‍ ലാഭകരമല്ലെന്ന് മാനേജ്മെന്റ് സര്‍ക്കാരിനെ അറിയിച്ചിരുന്നു.

വൈദ്യുത വാഹനങ്ങള്‍ക്ക് ഡിമാന്‍ഡ് കൂടി

സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ക്കുള്ള ഡിമാന്‍ഡ് റെക്കോഡ് ഉയരത്തിലാണ്. ഇലക്ട്രിക് കാര്‍ വിപണിയില്‍ ടാറ്റ നെക്സോണ്‍ ഇ.വി., ടിഗോര്‍ ഇ.വി., ഹ്യുണ്ടായ് കോന, എം.ജി. മോട്ടോഴ്സിന്റെ സെഡ് എസ്., മഹീന്ദ്ര വെരിറ്റോ എന്നിവയാണ് മുന്‍നിരയില്‍. ഇവ കിട്ടാന്‍ മാസങ്ങളോളം കാത്തിരിക്കണം. വൈദ്യുത സ്‌കൂട്ടറുകളുടെ വില്‍പ്പന കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയായി. ഹീറോ ഇലക്ട്രിക്, ടി.വി.എസ്., ആമ്പിയര്‍, ഒഖിനാവ തുടങ്ങി ഒട്ടേറെ കമ്പനികള്‍ വൈദ്യുത ഇരുചക്രവാഹന വിപണിയിലുണ്ട്. ഇതിനു പുറമേ പ്രാദേശിക കമ്പനികളുമുണ്ട്.