പുതുവര്‍ഷത്തില്‍ പുത്തന്‍ പരിഷ്‌കാരങ്ങള്‍ വരുത്തി കേരളാ മോട്ടോര്‍ വാഹന വകുപ്പ്. ഡ്രൈവിങ്ങ് ടെസ്റ്റ് ഒഴികെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനില്‍ ഒരുക്കുന്നതാണ് മോട്ടോര്‍ വാഹന വകുപ്പ് നടപ്പാക്കുന്ന സുപ്രധാന പരിഷ്‌കാരം. നാളെ മുതല്‍ ഇത് നിലവില്‍ വരുമെന്നാണ് വകുപ്പ് അറിയിച്ചിട്ടുള്ളത്. 

മോട്ടോര്‍ വാഹന വകുപ്പിന് കീഴിയുള്ള എല്ലാ ഓഫീസുകളും നാളെ മുതല്‍ ഇ-ഓഫീസുകളായിരിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിനും പെര്‍മിറ്റ് എടുക്കുന്നതിനും സാധാരണ ഗതിയില്‍ ആളുകള്‍ ഓഫീസിനെ ആശ്രയിച്ചിരുന്നു. ഈ സേവനങ്ങളും ഇനി ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നുണ്ട്. 

ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറുന്നതോടെ പ്രവാസികള്‍ക്ക് വിദേശത്ത് നിന്ന് തിരിച്ചെത്താതെ അവിടെ നിന്ന് തന്നെ ഓണ്‍ലൈനായി ലൈസന്‍സ് പുതുക്കുന്നതിനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ആര്‍.ടി.ഓഫീസുകളില്‍ ആള്‍ത്തിരക്ക് ഒഴിവാക്കുന്നതിനാണ് ഈ സംവിധാനം നടപ്പാക്കുന്നത്.

Content Highlights: From Tomorrow Onwards Motor Vehicle Department Office Turns To E-Office