കാര്യവട്ടം കാമ്പസിൽ ക്ലാസ് മുറിയാക്കി മാറ്റിയ ബസിൽ കംപ്യൂട്ടേഷണൽ ബയോളജി ആൻഡ് ബയോ ഇൻഫോമാറ്റിക്സ് വകുപ്പ് മേധാവി അച്യുത് ശങ്കർ എസ്.നായർ വിദ്യാർഥികളോടൊപ്പം | ഫോട്ടോ: മാതൃഭൂമി
കാര്യവട്ടം കാമ്പസിലെ നിര്‍ത്തിയിട്ടിരിക്കുന്ന ആനവണ്ടിയിലെ ഹൈടെക് ക്ലാസ് മുറിയില്‍ നാട്ടുകാര്‍ക്കും പഠിക്കാന്‍ അവസരമൊരുക്കുന്നു. ഇന്റര്‍നെറ്റ് സൗകര്യമുള്ള ഒരു ഫോണ്‍ കൈയില്‍ കരുതണമെന്ന് മാത്രം. കംപ്യൂട്ടേഷണല്‍ ബയോളജി ആന്‍ഡ് ബയോ ഇന്‍ഫോമാറ്റിക്സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ബസില്‍ പഠനമുറിയൊരുക്കിയത്.
പൈത്തണ്‍ പ്രോഗ്രാമിങ് ആണ് ബസിനുള്ളിലെ ക്ലാസ് മുറിയില്‍ പഠിപ്പിക്കുന്നത്. നാട്ടുകാര്‍ക്ക് പഠനം സൗജന്യമാണ്. പ്ലസ് ടു വിദ്യാഭ്യാസമുള്ള ഏതൊരാള്‍ക്കും പങ്കെടുക്കാം. ഇന്റര്‍നെറ്റ് ഉള്ള ഫോണോ ലാപ്പ് ടോപ്പോ കൊണ്ടുവരണം. മൂന്നുമാസമാണ് കാലാവധി. രാവിലെ 9 മുതല്‍ 11 വരെ ആഴ്ചയില്‍ മൂന്ന് ക്ളാസുകളാണ് ഒരുക്കിയിരിക്കുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന ഇരുപതുപേര്‍ക്കാണ് ആദ്യ ബാച്ചില്‍ അഡ്മിഷന് നല്‍കുക. വകുപ്പിലെ 18 ഗവേഷണ വിദ്യാര്ഥികള്ക്കൊപ്പമാകും പുറത്തുനിന്നുള്ളവര്‍ക്കും ക്ലാസ് ഒരുക്കുക.
എഴുതാനുള്ള ബോര്‍ഡും വിളക്കുകളും ഫാനുകളും സംഗീതം കേള്‍ക്കുന്നതിനായി ഉപകരണങ്ങളും ബസിനകത്ത് ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കാന്‍ വകുപ്പ് മേധാവിയായ അച്യുത് ശങ്കര്‍ എസ്.നായര്‍ക്ക് തോന്നിയ ആശയമാണ് ബസിനുള്ളിലെ ക്ലാസ് മുറി. നെയ്യാറ്റിന്‍കര ഡിപ്പോയിലെ പൊളിക്കാനിട്ടിരുന്ന ബസ് ക്രെയിനിന്റെ സഹായത്തോടെയാണ് കാമ്പസില്‍ എത്തിച്ചത്. ബസ് സൗജന്യമായാണ് കെ.എസ്.ആര്.ടി.സി. വിട്ടുകൊടുത്തത്.
ബസിലെ ക്ലാസ് മുറി മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. വകുപ്പുമേധാവി അച്യുത് ശങ്കര്‍ എസ്.നായര്‍, കെ.എസ്.ആര്.ടി.സി. എം.ഡി. ബിജുപ്രഭാകര്‍, പ്രൊഫ. ഗോപ്ചന്ദ്രന്‍, ഡോ. എസ്. നജീബ്, കെ.എച്ച്.ബാബുജാന്, ഡോ. ആര്. അരുണ്‍കുമാര്‍, ഡോ. ജെ.ആര്.റാണി, വിനോദ് എം.പി. എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..