തിരുവനന്തപുരം-മണിപ്പാല്‍ പാതയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. പിന്മാറിയപ്പോള്‍ സ്വകാര്യബസ് ലോബി പൂര്‍ണമായും മുതലെടുക്കുന്നു. മണിപ്പാലിലേക്കു നിലവിലുള്ള മൂന്ന് ബസുകള്‍ക്കു പുറകേ മറ്റൊരു ബസ് കൂടി സ്വകാര്യബസുകാര്‍ പ്രഖ്യാപിച്ചു. ഈ നാല് ബസുകളും തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്കു സമീപത്ത് അരിസ്റ്റോ ജങ്ഷനില്‍നിന്ന് പുറപ്പെടും.

കെ.എസ്.ആര്‍.ടി.സി.യുടെ ഏക മണിപ്പാല്‍ ബസ് വ്യാഴാഴ്ച മുതലാണ് അടൂര്‍ ഡിപ്പോയിലേക്കു മാറ്റിയത്. അവസരം മുതലെടുത്ത് ഈ പാതയില്‍ പൂര്‍ണ ആധിപത്യം ഉറപ്പിക്കാനുള്ള നീക്കത്തിലാണ് സ്വകാര്യബസുകാര്‍. അടൂര്‍ ഡിപ്പോയ്ക്കു നല്‍കിയ ബസ് ഭാവിയില്‍ തിരിച്ചെടുത്താലും യാത്രക്കാരെ തിരിച്ചുകിട്ടുക ബുദ്ധിമുട്ടാകും.

മണിപ്പാല്‍ ബസ് കൃത്യമായി ഓടിക്കാതെ യാത്രക്കാര്‍ തീരെ ഇല്ലാതാക്കി നഷ്ടമെന്ന പേരിലാണ് കെ.എസ്.ആര്‍.ടി.സി. നിര്‍ത്തലാക്കിയത്. സ്വകാര്യബസ് ലോബിയും കെ.എസ്.ആര്‍.ടി.സി.യിലെ ചില ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഗൂഢാലോചനയാണിതെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയില്‍നിന്ന് ഏറ്റവും കൂടുതല്‍ തവണ റദ്ദാക്കപ്പെട്ട ബസുകളിലൊന്നായിരുന്നു തിരുവനന്തപുരം-മണിപ്പാല്‍. കൃത്യമായി ഓടിച്ച് യാത്രക്കാരില്‍ വിശ്വാസ്യത ഉണ്ടാക്കുന്നതില്‍ ആദ്യമേ വീഴ്ച സംഭവിച്ചു. ഏത് ക്രമീകരണത്തിന്റെ പേരിലും ആദ്യം റദ്ദാക്കപ്പെടുക മണിപ്പാല്‍ ബസായിരിക്കും. ഇതിനു നിര്‍ദേശം നല്‍കിയിരുന്നത് സ്വകാര്യബസ് ലോബിയുമായി അടുത്ത ബന്ധമുണ്ടെന്ന് ആരോപണം നേരിടുന്ന ഉന്നത ഉദ്യോഗസ്ഥനാണെന്ന് ആരോപണമുണ്ട്. 

അരിസ്റ്റോ ജങ്ഷനില്‍നിന്ന് കെ.എസ്.ആര്‍.ടി.സി. ബസുകളുമായി മത്സരിച്ചോടുന്ന ദീര്‍ഘദൂര അനധികൃത സ്വകാര്യബസുകളില്‍ ചിലത് ആരോപണവിധേയനായ ഉദ്യോഗസ്ഥന്റെ ബന്ധുവിന്റേതാണ്. കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ വാടകയ്‌ക്കെടുത്ത് ഓടിക്കാനുള്ള കെ.എസ്.ആര്‍.ടി.സി.യുടെ ആദ്യകാല പരിശ്രമങ്ങള്‍ പൊളിച്ചതിന്റെ പിന്നിലും ഉദ്യോഗസ്ഥതലത്തില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്.

എം.ജി.രാജമാണിക്യം മേധാവിയായിരുന്നപ്പോഴാണ് ബസുകള്‍ വാടകയ്‌ക്കെടുക്കാന്‍ തീരുമാനിച്ചത്. സ്വകാര്യബസുകാരുടെ അതേ മാതൃകയില്‍ കോണ്‍ട്രാക്ട് ക്യാരേജുകള്‍ അന്തര്‍സംസ്ഥാന പാതയില്‍ ഓടിക്കാനാണ് രാജമാണിക്യം ശ്രമിച്ചത്. എന്നാല്‍, ഇത് നിയമവിരുദ്ധമാകുമെന്ന ഉപദേശമാണ് കെ.എസ്.ആര്‍.ടി.സി.യിലെ ചില ഉദ്യോഗസ്ഥര്‍ നല്‍കിയത്. 

എന്നാല്‍, രണ്ടുവര്‍ഷത്തിനുശേഷം ഇതേ മാര്‍ഗത്തിലേക്ക് കെ.എസ്.ആര്‍.ടി.സി. നീങ്ങി. എല്‍.എ.പി.ടി. ലൈസന്‍സ് എടുത്താല്‍ കോണ്‍ട്രാക്ട് ക്യാരേജ് ബസുകള്‍ ഓടിക്കാനാകുമെന്ന നിയമോപദേശമാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

Content Highlights: Four Private Bus Service In Trivandrum-Manipal Route