ഡല്‍ഹി: ഉപഭോക്താക്കള്‍ക്ക് പതിനൊന്ന് കോടിയോളം രൂപയുടെ സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന മെഗാ സെയില്‍സ് ക്യാംപെയ്‌നായ 'മിഡ്‌നൈറ്റ് സര്‍പ്രൈസ്' ഓഫറുമായി വീണ്ടും ഫോര്‍ഡ് ഇന്ത്യ. ഡിസംബര്‍ ഏഴ് മുതല്‍ ഒമ്പത് വരെയുള്ള മൂന്ന് ദിവസങ്ങളിലായാണ് മിഡ്‌നൈറ്റ് സര്‍പ്രൈസ് മെഗാ സെയില്‍സ് ക്യാംപെയ്ന്‍ കമ്പനി ഒരുക്കുന്നത്. 

ഈ ദിവസങ്ങളില്‍ ഫോര്‍ഡ് കാര്‍ ബുക്ക് ചെയ്യുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും ഉറപ്പായും സമ്മാനം ലഭിക്കുന്ന സ്‌ക്രാച്ച് കാര്‍ഡ് വൗച്ചര്‍ നല്‍കും. എല്‍ഇഡി ടിവി, വാഷിങ് മെഷിന്‍, ഹോം തീയറ്റര്‍ സിസ്റ്റം, മൈക്രോവേവ് ഓവന്‍, ഐ പാഡ്, ഐ ഫോണ്‍ X, 100,000 രൂപ വില മതിക്കുന്ന ഗോള്‍ഡ് ഗിഫ്റ്റ് വൗച്ചര്‍, പാരീസിലേക്കുള്ള ഹോളിഡേ യാത്ര (ഏഴ് പകല്‍, ആറ് രാത്രി) എന്നീ സമ്മാനങ്ങളാണ്‌ ഈ സ്‌ക്രാച്ച് കാര്‍ഡ്‌ വഴി സ്വന്തമാക്കാന്‍ സാധിക്കുക.

ഫോര്‍ഡ് നിരയിലെ ഫിഗോ, പുതിയ ആസ്പയര്‍, ഫ്രീസ്റ്റൈല്‍, എക്കോസ്‌പോര്‍ട്ട്, എന്‍ഡവര്‍ എന്നീ മോഡലുകള്‍ക്കെല്ലാം ഓഫറുകളുണ്ട്. ഡിസംബറില്‍ ഏതെങ്കിലും ഒരു ഫോര്‍ഡ് കാര്‍ സ്വന്തമാക്കുന്ന എല്ലാ ഉപഭോക്താക്കള്‍ക്കും കമ്പനിയുടെ ലക്കി ഡ്രോണില്‍ പങ്കെടുക്കാനും അവസരമുണ്ട്. ഇതുവഴി ഫിഗോ മോഡല്‍ ബംബര്‍ സമ്മാനമായി നേടാനുള്ള അവസരം ലഭിക്കും. ജനുവരി 22-ന് ബംബര്‍ സമ്മാന ജേതാവിനെ പ്രഖ്യാപിക്കും.

മിഡ്‌നൈറ്റ് സര്‍പ്രൈസിന്റെ ഭാഗമായി ഈ മൂന്ന് ദിവസങ്ങളില്‍ രാജ്യത്തുടനീളമുള്ള ഫോര്‍ഡ് ഡീലര്‍ഷിപ്പുകള്‍ രാവിലെ ഒമ്പത് മണി മുതല്‍ അര്‍ധരാത്രി വരെ പ്രവര്‍ത്തിക്കുമെന്നും ഫോര്‍ഡ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. 

Content Highlights; Ford India Announces 'Midnight Surprise' Sales Campaign