കോവിഡ് കാലത്ത് ഓട്ടമില്ലാതെ വരുമാനം നിലച്ച ട്രാവലറുകള്‍ ആംബുലന്‍സായി രൂപംമാറ്റി സേവനത്തിനിറങ്ങി. സംസ്ഥാനത്ത് മൂന്ന് മാസത്തിനിടെ 210 ട്രാവലറുകളാണ് ഇപ്രകാരം മാറിയത്. സര്‍ക്കാരിന്റെ പുതിയ നയമാണ് ട്രാവലറുകള്‍ ഓടിക്കുന്നവര്‍ക്കും കോവിഡ് സേവനത്തിനും ഒരുപോലെ സഹായകരമായത്. 

കോവിഡ് സേവനത്തിനിറങ്ങുന്ന വാഹനങ്ങള്‍ക്ക് കളക്ടറേറ്റില്‍നിന്ന് താത്കാലിക അനുമതി നല്‍കാമെന്നാണ് തീരുമാനം. ഫീസൊന്നുമില്ലാതെയാണ് ചെറിയ കാലത്തേക്ക് ഇതിനായുള്ള പെര്‍മിറ്റ് കളക്ടറേറ്റില്‍നിന്ന് നല്‍കുക. കോവിഡ് കാലം കഴിഞ്ഞാല്‍ പെര്‍മിറ്റ് അവസാനിക്കുംവരെയുള്ള അനുമതിയാണ് നല്‍കുന്നത്. 

സാധാരണ നിലയില്‍ ആംബുലന്‍സ് നിരത്തിലിറക്കണമെങ്കില്‍ അത് ആംബുലന്‍സ് ആയിത്തന്നെ രജിസ്റ്റര്‍ ചെയ്യണം. ആജീവനാന്തം അത് ആംബുലന്‍സായി നിലനിര്‍ത്തുകയും വേണം. സംസ്ഥാനത്ത് ഇപ്പോള്‍ സ്വകാര്യ മേഖലയില്‍ 2000 ആംബുലന്‍സുണ്ട്. 

അതിന് പുറമേ സര്‍ക്കാര്‍ സംവിധാനമായ 108 ആംബുലന്‍സും സന്നദ്ധ സംഘടനകളുടെ സൗജന്യ ആംബുലന്‍സുകളുമുണ്ട്. കോവിഡ് കാലത്ത് ഇതും തികയാതെ വന്നതോടെയാണ് ട്രാവലറുകളും ആംബുലന്‍സാക്കാന്‍ അനുമതി നല്‍കിയത്.

Content Highlights: Force Traveller Modified As Ambulance For Covid-19 Service