ചേര്‍ത്തല: നികുതികുടിശ്ശിക പിരിച്ചെടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പധികൃതര്‍ വാഹന ഉടമകളെത്തേടി വീടുകളിലേക്ക്. അഞ്ചുവര്‍ഷമോ അതില്‍ക്കൂടുതലോ കാലയളവില്‍ നികുതികുടിശ്ശിക വരുത്തിയിട്ടുള്ള വാഹനങ്ങള്‍ സര്‍ക്കാര്‍ ഒറ്റത്തവണതീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് 31-ന് ഇതിന്റെ കാലാവധി അവസാനിക്കാനിരിക്കെ 60 ശതമാനത്തോളം ഫയലുകള്‍ തീര്‍പ്പാക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥര്‍ ഉടമകളെത്തേടി വീടുകളിലേക്കെത്തുന്നത്.

ഗ്രഹസന്ദര്‍ശനത്തിനൊപ്പം പദ്ധതിയുടെ ആനുകൂല്യങ്ങളെക്കുറിച്ച് ഉടമകളെ ബോധവത്കരിക്കാന്‍ ഓട്ടോ- ടാക്സി സ്റ്റാന്‍ഡുകളില്‍ ചെറുയോഗങ്ങളും നടത്തുന്നുണ്ട്. കുടിശ്ശിക വരുത്തിയിട്ടുള്ളവരില്‍ എഴുപതുശതമാനംപേര്‍ നോട്ടീസ് കൈപ്പറ്റിയിട്ടുണ്ടെന്നാണ് വിവരം. വാഹനങ്ങള്‍ രജിസ്റ്റര്‍ചെയ്തിട്ടുള്ള വിലാസങ്ങളിലെ അവ്യക്തതകളാണ് ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥരെ കുഴയ്ക്കുന്നത്. പഞ്ചായത്ത് വാര്‍ഡുകളില്‍ വന്ന മാറ്റങ്ങളും ഇതിനു കാരണമാകുന്നുണ്ട്.

എത്ര കുടിശ്ശികയുണ്ടെങ്കിലും നികുതിയും അധികനികുതിയും പലിശയുമെല്ലാം ഉള്‍പ്പെടെ ആകെത്തുകയുടെ 20 ശതമാനമാണ് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് ഈടാക്കുന്നത്. മറ്റുള്ളവയ്ക്ക് 30ശതമാനവും. മോഷണംപോയ വാഹനങ്ങളുടെയും പൊളിച്ചുകളഞ്ഞവയുടെയും നികുതികുടിശ്ശിക ഇത്തരത്തില്‍ അടച്ച് നടപടികള്‍ അവസാനിപ്പിക്കാന്‍ അവസരമുണ്ട്. ഒറ്റത്തവണ പദ്ധതിയുടെ കാലാവധി കഴിഞ്ഞാല്‍ റവന്യൂ റിക്കവറി നടപടികളിലേക്കുകടക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.