പാലക്കാട്: സംസ്ഥാനത്ത് ഇ-വാഹന വിപണനത്തിനും വില്‍പ്പനാനന്തര സേവനം നല്‍കുന്നതിനും 29 കമ്പനികള്‍ക്ക് ഗതാഗതവകുപ്പ് അനുമതിനല്‍കി. മലിനീകരണവും ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്ന പ്രശ്നങ്ങളും കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. 

ഇ-വാഹനങ്ങളില്‍ റിക്ഷ, കാര്‍, ബൈക്ക്, കാര്‍ട്ട് എന്നിവയാണ് പൊതുഗതാഗതത്തിന് പരിഗണിക്കുന്നത്. ഇലക്ട്രിക് ഓട്ടോറിക്ഷകളുടെയും പ്രകൃതിവാതകവും, എല്‍.പി.ജിയും ഉപയോഗിച്ച് ഓടുന്ന വാഹനങ്ങളുടെയും വാര്‍ഷിക നികുതി 500 രൂപയില്‍നിന്ന് 450 രൂപയായി കുറയ്ക്കും. പുതിയതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അഞ്ചുവര്‍ഷത്തേക്ക് 2000 രൂപ നിരക്കിലായിരിക്കും നികുതിയീടാക്കുക. 

പ്രകൃതിവാതകം ഉപയോഗിച്ച് ഓടുന്ന ഓട്ടോറിക്ഷകളെ തിരിച്ചറിയാന്‍ പ്രത്യേക നിറം നല്‍കും. ഇ-റിക്ഷ ഓടിക്കുന്ന ഓട്ടോഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സിന് പുറമേ ബാഡ്ജ് വേണമെന്ന നിബന്ധന ഒഴിവാക്കി. ഇത്തരം വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് വേണ്ടെന്നും തീരുമാനമായി. നിയമസഭയില്‍ മന്ത്രി എ.കെ. ശശീന്ദ്രനും ഇക്കാര്യം പറഞ്ഞിരുന്നു.

ഇ-വാഹനങ്ങള്‍ ചാര്‍ജുചെയ്യാനുള്ള നിരക്ക്

ഇ-വാഹനങ്ങള്‍ ചാര്‍ജുചെയ്യാന്‍ പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാക്കും. ഇതുവഴി രാത്രി 11-നും രാവിലെ അഞ്ചിനുമിടയില്‍ വാഹനം ചാര്‍ജുചെയ്യുമ്പോള്‍ ഒരു യൂണിറ്റിന് അഞ്ചു രൂപ നിരക്ക് ഈടാക്കും. വൈകീട്ട് ആറുമുതല്‍ രാത്രി 11 വരെ ചാര്‍ജുചെയ്യുന്നതിന് ആറുരൂപയും വൈകീട്ട് അഞ്ചുമുതല്‍ ആറുവരെ ചാര്‍ജുചെയ്യുമ്പോള്‍ യൂണിറ്റിന് 5.50 രൂപ ഈടാക്കാനുമാണ് ഗതാഗതവകുപ്പ് പരിഗണിക്കുന്നത്.

ഇ-റിക്ഷകളുടെ നികുതിയില്‍ ഇളവ്

നിലവില്‍ ഇ-കാര്‍ട്ട്, ഇ-റിക്ഷ എന്നിവയ്ക്ക് നികുതി ഈടാക്കുന്നതില്‍ അവ്യക്തതയുണ്ട്. പേര് ഇ-റിക്ഷ എന്നാണെങ്കിലും ഫോര്‍-സീറ്റര്‍ വാഹനമായതിനാല്‍ ഇവയുടെ നികുതി ഈടാക്കുന്നത് കാറിന്റെ നികുതിനിരക്കിലാണ്. എന്നാല്‍, ഇ-റിക്ഷകളുടെ രജിസ്ട്രേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇനിമുതല്‍ ഇ-കാര്‍ട്ടിനും, ഇ-റിക്ഷകള്‍ക്കും ഓട്ടോറിക്ഷകളുടെ നികുതിനിരക്ക് ഏര്‍പ്പെടുത്തും. -രാജീവ് പുത്തലത്ത്, ജോയന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍.