ന്യൂഡല്‍ഹി: ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് ആശ്വാസമേകി ഡല്‍ഹി സര്‍ക്കാര്‍ വാഹനത്തിന്റെ ഫിറ്റ്നെസ് ടെസ്റ്റ് ഫീസ് ഒഴിവാക്കുകയും പിഴയടക്കമുള്ള വിവിധ നിരക്കുകള്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്തു. പുതിയ നിരക്കുകള്‍ സെപ്റ്റംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ തീരുമാനം.

ഫിറ്റ്നെസ് ടെസ്റ്റ് ഫീസായി ഈടാക്കിയിരുന്ന 600 രൂപയാണ് ഒഴിവാക്കിയത്. രജിസ്ട്രേഷന്‍, റീ-രജിസ്ട്രേഷന്‍ എന്നീയിനങ്ങളില്‍ ഈടാക്കിയിരുന്ന നിരക്ക് 1,000 രൂപയില്‍നിന്ന് 300 രൂപയാക്കി കുറച്ചു. ജി.പി.എസ്. ട്രാക്കിങ് നിരക്കില്‍ പ്രതിമാസം ഈടാക്കിയിരുന്ന 100 രൂപയും ജി.എസ്.ടി.യും സിം നിരക്കും പൂര്‍ണമായി ഒഴിവാക്കിയിട്ടുണ്ട്. ഇനിമുതല്‍ ഗതാഗതവകുപ്പാണ് ഈ നിരക്കുകള്‍ വഹിക്കുക.

ഫിറ്റ്നെസ് ടെസ്റ്റിന് ഹാജരാവാന്‍ വൈകിയാലുള്ള പിഴ 1,000 രൂപയും പ്രതിദിനം 50 രൂപ വീതവും എന്നത് 300 രൂപയും പ്രതിദിനം 20 രൂപ വീതവുമാക്കി കുറച്ചു. ഡൂപ്ലിക്കേറ്റ് രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനും ഉടമസ്ഥാവകാശം കൈമാറുന്നതിനും 150 രൂപയാണ് പുതിയ നിരക്ക്. അഞ്ഞൂറ് രൂപയായിരുന്നു മുമ്പ് ഈടാക്കിയത്. പ്രതിമാസമുള്ള പിഴ 500 രൂപയില്‍നിന്ന് 100 രൂപയാക്കി കുറച്ചു. പെര്‍മിറ്റ് പുതുക്കുന്നതിന്റെ നിരക്ക് 1,000 രൂപയില്‍നിന്ന് 500 രൂപയാക്കി പരിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ തീരുമാനത്തെ ഡല്‍ഹി ഓട്ടോറിക്ഷാ യൂണിയന്‍ ജനറല്‍ സെക്രട്ടറി രാജേന്ദ്ര സോണി സ്വാഗതം ചെയ്തു.

ഓട്ടോകളുടെ മീറ്ററുകളിലെ സോഫ്റ്റ്വെയര്‍ പരിഷ്‌കരിക്കുന്നത് വേഗത്തിലാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് സോണി ആവശ്യപ്പെട്ടു. ഇക്കാര്യം പൂര്‍ത്തിയായാല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പുതുക്കിയ നിരക്കുകള്‍ ഈടാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണില്‍ ഓട്ടോ നിരക്കുകളില്‍ സര്‍ക്കാര്‍ 19 ശതമാനം വര്‍ധന വരുത്തിയിരുന്നു.

Content Highlights; fitness test fee for autorickshaws waived, auto fitness test fee