മലിനജലം റോഡിലൊഴുക്കി മീന്‍വണ്ടികള്‍ ഓടുന്നത് കിലോമീറ്ററുകള്‍. മീന്‍ചോരയും ഐസും കലര്‍ന്ന മലിനജലം റോഡില്‍ തെറിപ്പിച്ചാണ് പട്ടാപ്പകല്‍ വേഗയാത്ര. മീന്‍ എത്തിക്കാനുള്ള അതിവേഗ ഓട്ടം ദുര്‍ഗന്ധത്തിലാക്കുന്നത് മറ്റു വാഹനയാത്രക്കാരെയാണ്. പിലാത്തറ-പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡിലും ദേശീയപാതയിലും മലിനവെള്ളത്തിന്റെ സ്പ്രേയിങ് കിട്ടിയവര്‍ നിരവധിയാണ്.
പോലീസ് സ്റ്റേഷനും തദ്ദേശ സ്ഥാപനങ്ങളും മോട്ടോര്‍ വാഹനവകുപ്പും ആരോഗ്യവിഭാഗത്തിന്റെയും നടുവിലൂടെയാണ് ഈ യാത്ര എന്നോര്‍ക്കണം. ഇതൊരു വെല്ലുവിളിയാണ്. ഓഫീസിലും വ്യാപാരത്തിനും മറ്റാവശ്യങ്ങള്‍ക്കും പോകുന്നവരെ മീന്‍വെള്ളത്തില്‍ നനച്ച് വിടുന്നത് തടയാന്‍ ആരുമില്ല. മീന്‍ കയറ്റി കര്‍ണാടക അതിര്‍ത്തി കടന്നും തിരിച്ചും എത്തുന്ന ലോറിയില്‍നിന്ന് പ്രത്യേക പൈപ്പ് സ്ഥാപിച്ചാണ് റോഡിലേക്ക് മലിനവെള്ളം ഒഴുക്കുന്നത്.
വഴിയില്‍ വേണം,ടാങ്കുകള്‍
കൊഴുത്ത മീന്‍വെള്ളം തെറിപ്പിച്ചോടുന്ന മീന്‍വണ്ടികളുടെ വാര്‍ത്ത പുതിയതല്ല. ഇത് കാണാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ദുര്‍ഗന്ധം ഏറ്റുവാങ്ങിയവര്‍ സ്വയം പഴിച്ചുകൊണ്ട് ഒതുങ്ങുന്നു. ഇടയ്ക്കിടെ മീന്‍വണ്ടിയെ പിടിക്കുന്നതിനപ്പുറം ശാശ്വതപരിഹാരം ഇനിയും ആയില്ല.
മത്സ്യം കഴിക്കാനും വളമായും കൊണ്ടുപോകുന്നത് ഇനിയും തുടരും. കാരണം അത് ഒരു ആവശ്യമാണ്. വാഹങ്ങള്‍ക്ക് വെറുതെ കളയാന്‍ ഒരു സെക്കന്‍ഡ് പോലുമില്ല. മലനജലം ഒഴുക്കിക്കളയാന്‍ പ്രധാന കേന്ദ്രങ്ങളില്‍ ടാങ്ക് വെക്കുന്നത് എന്തുകൊണ്ട് ചിന്തിച്ചു കൂടാ. പരിപാലനമുണ്ടെങ്കില്‍ ഇത് കൃത്യമായി മുന്നോട്ടുപോകും.
നിലവില്‍ മീന്‍വണ്ടിക്കാര്‍ പറയുന്നത് കണ്ണൂര്‍, പയ്യന്നൂര്‍ തുടങ്ങിയ മത്സ്യ മാര്‍ക്കറ്റില്‍ കയറി മലിനവെള്ളം ഒഴുക്കിക്കളയുന്നുണ്ട് എന്നാണ്. എന്നാല്‍ അത് അവര്‍ കൃത്യമായി ചെയ്യുന്നില്ല. സമയത്തിന്റെ ഓട്ടത്തില്‍ ഐസ് മീന്‍വെള്ളം റോഡിലൊഴുക്കിത്തന്നെയാണ് അവര്‍ പോകുന്നത്.
നല്ല നടപടി
മലിനജലം റോഡില്‍ ഒഴുക്കിക്കൊണ്ട് പോയ മീന്‍വണ്ടിയെ ജില്ലാ മോട്ടോര്‍ വാഹനവകുപ്പ് എന്‍ഫോഴ്സ്മെന്റ് പിടിച്ചു. ബുധനാഴ്ച രാവിലെ ഒമ്പതിന് നല്ല തിരക്കുള്ള സമയം പഴയങ്ങാടിമുതല്‍ പിലാത്തറ കെ.എസ്.ടി.പി റോഡിലായിരുന്നു ഇത്. ദുര്‍ഗന്ധം പരത്തി മലിനജലം ഒഴുക്കി ഓടിച്ചുവരികയായിരുന്ന മീന്‍ലോറിയാണ് പിടിച്ചത്. മലിനജലം പയ്യന്നൂര്‍ പെരുമ്പ മാര്‍ക്കറ്റില്‍വെച്ച് പൂര്‍ണമായും ഒഴുക്കിക്കളഞ്ഞ് വാഹനം ശുദ്ധീകരിച്ചാണ് യാത്ര തുടരാന്‍ അനുവദിച്ചത്.
പിഴ ചുമത്തി. വാഹനം റോഡ് നികുതി അടയ്ക്കാത്തതാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴയായി 9750 രൂപ ഈടാക്കുകയും ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.വി. പ്രേമരാജന്റെ നേതൃത്വത്തില്‍ എ.എം.വി.ഐ.മാരായ ടി. ഗിജേഷ്, കെ. അഭിലാഷ്, കെ.വി. പ്രവീണ്‍ കുമാര്‍ എന്നിവരടങ്ങിയ സംഘമായിരുന്നു നടപടി സ്വീകരിച്ചത്.
Content Highlights: Fish Container Truck Flows Waste Water To Road