ഗരത്തിലെ യുവാക്കളെ വൈദ്യുത വാഹനങ്ങളുടെ മേന്മ ബോധ്യപ്പെടുത്തിയാകും സ്വിച്ച് ഡല്‍ഹി പ്രചാരണത്തിന്റെ അവസാനവാരമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വൈദ്യുത വാഹനങ്ങളിലേക്ക് മാറുന്നതിന്റെ നേട്ടങ്ങള്‍ യുവാക്കളെ ബോധ്യപ്പെടുത്താനാണ് ശ്രമം. അവരുടെ ആദ്യവാഹനം ഇലക്ട്രിക് ആവട്ടെ എന്നാണ് സര്‍ക്കാരിന്റെ ആഹ്വാനം.

ആഗോളതലത്തില്‍ തന്നെ ഏറ്റവും പുരോഗമനപരമായ നയമാണ് വൈദ്യുത വാഹനങ്ങളുടെ കാര്യത്തില്‍ ഡല്‍ഹി സ്വീകരിക്കുന്നതെന്ന് ഗതാഗതമന്ത്രി കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു. സ്വിച്ച് ഡല്‍ഹി പ്രചാരണത്തിന്റെ എട്ടാമത്തേയും അവസാനത്തേയും ആഴ്ചയാണ് പുരോഗമിക്കുന്നത്. വൈദ്യുത വാഹനമുന്നേറ്റത്തില്‍ യുവാക്കള്‍ക്ക് വലിയ പങ്കു വഹിക്കാനാകുമെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹിയുടെ അന്തരീക്ഷം കൂടുതല്‍ മികച്ചതാക്കാന്‍ ഇതുവഴി സാധിക്കും.

ഡല്‍ഹിയിലെ വാണിജ്യവാഹന ഉടമകളോട് അവരുടെ പകുതി വണ്ടികളെങ്കിലും 2023-ഓടെ വൈദ്യുതിയിലേക്ക് മാറ്റാന്‍ മന്ത്രി ഗെഹ്ലോട്ട് അഭ്യര്‍ഥിച്ചിരുന്നു. 2025-ഓടെ മുഴുവന്‍ വാണിജ്യവാഹനങ്ങളും ഇലക്ട്രിക് ആക്കണമെന്നും മന്ത്രി പറഞ്ഞു. വൈദ്യുത വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി അഞ്ച് ശതമാനം പലിശ സബ്‌സിഡി നല്‍കുന്ന പദ്ധതി കൊണ്ടുവരും.

വൈദ്യുത വാഹനങ്ങളിലേക്ക് മാറുകവഴി നഗരത്തിലെ വായു മലിനീകരണം കുറയുമെന്നു മാത്രമല്ല, ഉടമകള്‍ക്ക് പ്രതിവര്‍ഷം 22,000 രൂപ വരെ ലാഭിക്കുകയും ചെയ്യും. നഗരത്തിലെ മാളുകള്‍, മാര്‍ക്കറ്റ് സമുച്ചയങ്ങള്‍, വലിയ ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ വൈദ്യുത വാഹനങ്ങള്‍ക്കായി ചാര്‍ജിങ് പോയന്റുകള്‍ ആരംഭിക്കാനും സര്‍ക്കാര്‍ ആഹ്വാനംചെയ്തിരുന്നു.

നിലവില്‍ രാജ്യത്ത് ഏറ്റവുംകൂടുതല്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ (72) ഡല്‍ഹിയിലാണ്. ആറ് മാസത്തിനിടെ നഗരത്തില്‍ 500 ചാര്‍ജിങ് സ്റ്റേഷനുകള്‍ ആരംഭിക്കും. ഡല്‍ഹിയില്‍ ഉടന്‍തന്നെ വൈദ്യുത ഓട്ടോറിക്ഷകളുടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. സി. എന്‍.ജി. ഇന്ധനമുപയോഗിക്കുന്ന ഓട്ടോയെ അപേക്ഷിച്ച് ഇലക്ട്രിക് പതിപ്പ് വഴി പ്രതിവര്‍ഷം 29,000 രൂപ വരെ ലാഭിക്കാം. 

പഴയ മുച്ചക്രവാഹനങ്ങള്‍ ഉപേക്ഷിച്ച് പുതിയ വൈദ്യുതഓട്ടോറിക്ഷ വാങ്ങുമ്പോള്‍ സ്‌ക്രാപ്പിങ് സബ്‌സിഡിയായി 7500 രൂപ സര്‍ക്കാര്‍ നല്‍കും. വൈദ്യുത റിക്ഷകള്‍ക്ക് കഴിഞ്ഞ കുറച്ചുവര്‍ഷമായി ഡല്‍ഹി സര്‍ക്കാര്‍ 30,000 രൂപ സബ്‌സിഡി നല്‍കുന്നുണ്ട്. ഇതേ സബ്‌സിഡി ഇലക്ട്രിക് കാര്‍ട്ട്, ഇലക്ട്രിക് ഓട്ടോ എന്നിവയ്ക്കും നല്‍കും.

Content Highlights: First Vehicle, Electric Vehicle, Delhi Government, Delhi Youth