ബെംഗളൂരു: ആദ്യമായി വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ ജനലാണെന്നു കരുതി തുറന്നത് എമര്‍ജന്‍സി വാതില്‍. 171 യാത്രക്കാരുമായി റണ്‍വേയിലൂടെ നീങ്ങിത്തുടങ്ങിയ വിമാനം പെട്ടെന്ന് നിര്‍ത്തിയതിനാല്‍ അപകടം ഒഴിവായി.

ബെംഗളൂരു വിമാനത്താവളത്തില്‍നിന്ന് ലഖ്‌നൗവിലേക്കുപോവുന്ന ഗോ എയര്‍ വിമാനത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. എമര്‍ജന്‍സി വാതില്‍ തുറന്ന ഉത്തര്‍പ്രദേശ് സ്വദേശി സുനില്‍കുമാറിനെ വിമാനത്താവളം പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നീട് കേസെടുത്തശേഷം താക്കീതുനല്‍കി വിട്ടയച്ചു.

ബെംഗളൂരുവില്‍ മരപ്പണിചെയ്യുന്ന സുനില്‍ നാട്ടിലേക്ക് പോകാനാണ് വിമാനത്തില്‍ കയറിയത്. എമര്‍ജന്‍സി വാതിലിന് അടുത്തുള്ള സീറ്റിലാണ് ഇരുന്നത്. രാവിലെ 8.12-ന് വിമാനം റണ്‍വേയിലൂടെ നീങ്ങിത്തുടങ്ങിയപ്പോള്‍ ബലംപ്രയോഗിച്ച് എമര്‍ജന്‍സി വാതില്‍ തുറക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് രണ്ടുമണിക്കൂറിനുശേഷം യാത്രക്കാരെ മറ്റു വിമാനങ്ങളില്‍ കയറ്റിവിട്ടു. അടിയന്തരസാഹചര്യമുണ്ടായാല്‍ എന്തുചെയ്യണമെന്ന് യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി ഗോ എയര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സുനില്‍കുമാര്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഹിന്ദിയിലും നിര്‍ദേശം നല്‍കിയിരുന്നു.

സുനില്‍കുമാറിനെക്കുറിച്ച് ബെംഗളൂരുവിലും ലഖ്‌നൗവിലും അന്വേഷിച്ചപ്പോള്‍ സംശയകരമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായതില്‍ സുനില്‍കുമാര്‍ ക്ഷമചോദിച്ചു. 

Content Highlights; First Time Airline Passenger Opens Emergency Exit, Mistaking It For A Window