ജീവനക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഇലക്ട്രിക് കാറുകളുമായി ടെക്‌നോപാര്‍ക്കിലെ ഐ.ടി. കമ്പനിയായ അലിയാന്‍സ്. കേരളത്തിലാദ്യമായാണ് ഇലക്ട്രിക് ടാക്‌സി സര്‍വീസ് നടത്തുന്നത്.

ടെക്‌നോപാര്‍ക്കിനകത്തായി അഞ്ചു ഓഫീസുകളാണ് അലിയാന്‍സിനുള്ളത്. ഒരു ഓഫീസില്‍നിന്ന് മറ്റൊന്നിലേക്ക് ജീവനക്കാരെ കൊണ്ടു പോകുന്നതിനാണ് ഇലക്ട്രിക് കാറുകള്‍ കൂടുതലായി ഉപയോഗിക്കുക. തൊണ്ണൂറിലേറെ കാബുകളാണ് ജീവനക്കാര്‍ക്കായി ടെക്‌നോപാര്‍ക്കിലുള്ളത്. 

അഞ്ചു കാബുകളാണ് ആദ്യ ഘട്ടമായി കമ്പനി ഉപയോഗിക്കുന്നത്. ടെക്‌നോപാര്‍ക്ക് കാമ്പസില്‍ തന്നെ കാറുകള്‍ ചാര്‍ജ് ചെയ്യുന്നതിനായി ഒരു ചാര്‍ജിങ് പോയിന്റുണ്ട്. ഈ ക്വിക്ക് ചാര്‍ജറില്‍ 90 മിനിറ്റ് മതി ചാര്‍ജാവാന്‍. എട്ടു ലക്ഷം രൂപ ചെലവിലാണ് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. സാധാരണ പോര്‍ട്ടുകള്‍ ഉപയോഗിച്ചും കാറുകള്‍ ചാര്‍ജ് ചെയ്യാം. 

11 മണിക്കൂര്‍ വേണം മുഴുവന്‍ ചാര്‍ജിലെത്താന്‍. ഒറ്റചാര്‍ജില്‍ 120 കിലോമീറ്റര്‍ ദൂരം ഇലക്ട്രിക് കാറുകള്‍ ഓടിക്കാം. പരിസ്ഥിതി സൗഹൃദമായതിനാല്‍ ഗ്രീന്‍ രജിസ്‌ട്രേഷനാണ് കാറുകള്‍ക്ക് ലഭിച്ചിരിക്കുന്നത്. 

Electric Taxi
ഇലക്ട്രിക് കാറുകള്‍ അലിയാന്‍സ് ഗ്രൂപ്പ് സിഇഒ കിസ്റ്റോഫ് മാഷര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന ഐടി സെക്രട്ടറി ശിവശങ്കര്‍ സമീപം.

അലിയാന്‍സ് ഗ്രൂപ്പ് സിഇഒ കിസ്റ്റോഫ് മാഷര്‍ കാറുകള്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. സംസ്ഥാന ഐടി സെക്രട്ടറി ശിവശങ്കര്‍, അലിയാന്‍സ് ടെക്‌നോളജി സിഇഒ ആഷിഷ് പട്ടേല്‍, ഗ്രൂപ്പ് ഡെലിവറി നെറ്റ് വര്‍ക്ക് മേധാവി ഡോ ടുറാന്‍ സാഹിന്‍, ടെക്‌നോപാര്‍ക്ക് സിഇഒ ഋഷികേശ്‌നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.