ന്യൂഡല്‍ഹി: അമേരിക്കന്‍ വ്യോമയാനക്കമ്പനിയായ ബോയിങ്ങില്‍ നിന്ന് ഇന്ത്യ വാങ്ങുന്ന ചിനൂക് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് ഇന്ത്യയിലെത്തി. സി.എച്ച്.47എഫ്. (1) വിഭാഗത്തില്‍പ്പെട്ട നാല് ഹെലികോപ്റ്ററുകളാണ് കപ്പല്‍മാര്‍ഗം ഗുജറാത്തിലെ മുണ്ഡ്ര തുറമുഖത്തെത്തിച്ചത്. ഇത്തരം 15 ഹെലികോപ്റ്ററുകള്‍ വാങ്ങാനാണ് ഇന്ത്യ ബോയിങ്ങുമായി കരാറൊപ്പിട്ടത്.
ചണ്ഡിഗഢിലേക്ക് കൊണ്ടുപോകുന്ന ഹെലികോപ്റ്ററുകള്‍ ഒട്ടേറെ പരീക്ഷണപ്പറക്കലുകള്‍ക്കുശേഷം ഈ വര്‍ഷം അവസാനത്തോടെ ഔപചാരികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാവും. സിയാച്ചിന്‍, കിഴക്കന്‍ ലഡാക്ക് എന്നിവിടങ്ങളില്‍ ഉപയോഗിക്കത്തക്കവിധമുള്ള അധികസംവിധാനങ്ങളും ഇതിനിടയ്ക്ക് ഒരുക്കും. ഹെലികോപ്റ്ററുകള്‍ കൈമാറുന്നതിന് മുന്നോടിയായി കഴിഞ്ഞ ഒക്ടോബറില്‍ വ്യോമസേനയിലെ നാലു പൈലറ്റുമാര്‍ക്കും ഫ്ലൈറ്റ് എന്‍ജിനീയര്‍മാര്‍ക്കും ബോയിങ് അമേരിക്കയിലെ ഡെലാവെയറില്‍ പരിശീലനം നല്‍കിയിരുന്നു.
വിവിധോദ്ദേശ്യ ഹെലികോപ്റ്ററെന്ന നിലയില്‍ വ്യോമസേനയുടെ ശേഷി വന്‍ തോതില്‍ കൂട്ടാന്‍ ചിനൂകിനു കഴിയുമെന്നാണ് കരുതുന്നത്. ടാങ്കുകളടക്കമുള്ള 12 ടണ്‍വരെ ഭാരമുള്ള യുദ്ധസാമഗ്രികളുമായി പറക്കാനുള്ള ശേഷി ഇവയ്ക്കുണ്ട്. യുദ്ധമുഖത്ത് പെട്ടെന്ന് സൈനികരെയെത്തിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഒട്ടേറെപ്പേരെ ഒരേസമയം ഒഴിപ്പിക്കാനും ശേഷിയുള്ളതാണ് ഈ ഹെലികോപ്റ്ററുകള്‍. 55 യാത്രക്കാരെ വഹിക്കാനുമാവും.
'CH-47F Chinook' heavylift helicopter arrived at the Mundra port in #Gujarat pic.twitter.com/NaX2y3t8q2
— Gujarat Information (@InfoGujarat) February 10, 2019
വ്യോമസേന ഇപ്പോള്‍ ഉപയോഗിക്കുന്ന എം.ഐ.-17, എം.ഐ.-26 ഹെലികോപ്റ്ററുകള്‍ റഷ്യന്‍ നിര്‍മിതമാണ്. ഇവയ്ക്കുപകരം ചിനൂക്, അപ്പാഷെ ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള 20,000 കോടി രൂപയുടെ ഇടപാടിനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയിരുന്നത്.
Content Highlights; First Batch of 4 Chinook Multi-Mission Military Helicopters Reach India