കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കോടികള്‍ മുടക്കി ഇറക്കുമതിചെയ്ത അഗ്‌നിരക്ഷാവാഹനങ്ങള്‍ തുരുമ്പെടുത്ത് നശിക്കുന്നു. സേനയ്ക്കായി മൂന്നരക്കോടി രൂപവീതം മുടക്കി ഇറക്കുമതി ചെയ്ത രണ്ട് ഫയര്‍ ക്രാഷ് ടെന്‍ഡര്‍ യൂണിറ്റുകളാണ് നശിക്കുന്നത്. 

ഒന്ന് യന്ത്രത്തകരാര്‍മൂലം കട്ടപ്പുറത്തായപ്പോള്‍ വിമാനത്താവളത്തില്‍ നടന്ന ഉന്നതതല പരിശോധനയ്ക്കിടെ അപകടത്തില്‍പ്പെട്ടാണ് രണ്ടാമത്തെ യൂണിറ്റ് കേടായത്.

വിമാനത്താവളത്തില്‍നിന്ന് അന്താരാഷ്ട്ര സര്‍വീസ് ആരംഭിച്ച കാലത്ത് മൂന്നരക്കോടിരൂപ മുടക്കി സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് ഇറക്കുമതിചെയ്തതാണ് ആദ്യത്തെ വാഹനം. ഇതിന് യന്ത്രത്തകരാര്‍ സംഭവിച്ചതോടെ അഗ്‌നിരക്ഷാവിഭാഗത്തിന്റെ മുറ്റത്ത് ടാര്‍പോളിന്‍കൊണ്ട് മൂടിയിട്ടിരിക്കുകയായിരുന്നു.

വിമാനത്താവളത്തിലെ വിവിധ ഏജന്‍സികളുടെ കാര്യക്ഷമത പരിശോധിക്കുന്ന ഘട്ടത്തിലാണ് രണ്ടാമത്തെ യൂണിറ്റ് അപകടത്തില്‍പ്പെട്ടത്. മുപ്പതടിയോളം താഴ്ചയിലേക്ക് വാഹനം മറിയുകയായിരുന്നു. പരിശോധനയ്‌ക്കെത്തിയ ഉന്നതോദ്യോഗസ്ഥനടക്കം പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ഇതേത്തുടര്‍ന്നാണ് വാഹനം അഗ്‌നിരക്ഷാസേന മുറ്റത്തേക്ക് മാറ്റിയത്. അന്ന് സേനയുടെ കൈവശമുണ്ടായിരുന്ന ഏറ്റവും അത്യാധുനികമായ വാഹനമായിരുന്നു ഇത്. ഇവ നന്നാക്കാന്‍ ആവശ്യമായ സ്‌പെയര്‍പാര്‍ട്‌സുകള്‍ ലഭ്യമല്ലാത്തതാണ് ഇവയെ കട്ടപ്പുറത്താക്കിയത്.

ഇത്തരത്തില്‍ അപകടത്തില്‍പ്പെടുന്ന വാഹനങ്ങള്‍ ഇന്‍ഷുറന്‍സ് അനുസരിച്ച് കമ്പനി തിരിച്ചെടുത്ത് പുതിയത് നല്‍കാറാണ് പതിവെന്ന് അഗ്‌നിരക്ഷാസേനാ വൃത്തങ്ങള്‍ പറയുന്നു.

എന്നാല്‍, ഇതിനാവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റിക്ക് സാധിച്ചിട്ടില്ല. ഇതിനാലാണ് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇവ കട്ടപ്പുറത്തായി തുരുമ്പെടുത്ത് നശിക്കുന്നത്.

Content Highlights: Fire Force Vehicle In Kozhikode airport