ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി ഇളവ് ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആദ്യ അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിലാണ് 50 ശതമാനം ഇളവ് നല്‍കുന്നത്.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ കുറയ്ക്കുന്നതിനായാണ് സംസ്ഥാനം ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. കേരളത്തിന് പുറമെ, മറ്റ് സംസ്ഥാനങ്ങളും ഇലക്ട്രിക് വാഹനങ്ങള്‍ക്ക് നികുതി ഇളവും വിലയില്‍ സബ്‌സിഡിയും ഒരുക്കുന്നുണ്ട്.
2025-ഓടെ നിരത്തില്‍ 10 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ എത്തിക്കുകയെന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇത്തരം വാഹനങ്ങള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിക്കുന്നതിനൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ സബ്‌സിഡിയും മുമ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില അനുസരിച്ച് 1.5 ലക്ഷം രൂപ വരെ ഡല്‍ഹി സര്‍ക്കാരും സബ്‌സിഡി പ്രഖ്യാപിച്ചിരുന്നു.
വൈദ്യുത വാഹനങ്ങള്‍ക്ക് മുന്ന് വര്‍ഷത്തെ നികുതി ഇളവ് നല്‍കണമെന്ന നിര്‍ദേശം കഴിഞ്ഞ വര്‍ഷം മന്ത്രിസഭ അംഗീകരിച്ചിരുന്നു. നികുതി ഇളവ് ഒരുക്കുന്നതിനൊപ്പം ഈ വാഹനങ്ങള്‍ക്കുള്ള അടിസ്ഥാന സൗകര്യമായ ചാര്‍ജിങ്ങ് സ്റ്റേഷനുകളും സംസ്ഥാന വ്യാപകമായി സ്ഥാപിക്കുമെന്ന് മുമ്പ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹനവകുപ്പ് ഉള്‍പ്പെടെയുള്ളവയിലേക്ക് ഇലക്ട്രിക് വാഹനങ്ങള്‍ എത്തിയിരുന്നു. ഇത്തരം വാഹനങ്ങള്‍ക്ക് ചാര്‍ജിങ്ങ് ഒരുക്കുന്നതിനായി കെ.എസ്.ഇ.ബിയുടെ ചാര്‍ജിങ്ങ് സ്റ്റേഷനുകള്‍ സംസ്ഥാനത്തുടനീളം സ്ഥാപിക്കുമെന്നും മുമ്പ് ബന്ധപ്പെട്ട വകുപ്പുകള്‍ ഉറപ്പുനല്‍കിയിരുന്നു.
Content Highlights: Finance Minister Announce Tax Relaxation For Electric Vehicle