കൊറോണ വൈറസ് അതിവേഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കായി മാസ്‌കുകള്‍ നിര്‍മിക്കാനൊരുങ്ങുകയാണ് ഇറ്റാലിയന്‍-അമേരിക്കന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍. ഇത് സംബന്ധിച്ച് കമ്പനി സിഇഒ മൈക്ക് മാന്‍ലി ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്.

ഇറ്റാലിയന്‍ വാഹന നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍, ഫെരാരി തുടങ്ങിയവ കൊറോണ ബാധിത പ്രദേശങ്ങളെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള ജീവന്‍രക്ഷാ ഉപകരണങ്ങളാണ് വാഹനനിര്‍മാതാക്കളുടെ നേതൃത്വത്തില്‍ നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഫിയറ്റ് മാസ്‌കുകള്‍ ഒരുക്കുന്നത്. 

ഫിയറ്റിന്റെ ഏഷ്യയിലെ ഒരുവിഭാഗം ജീവനക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പത്ത് ലക്ഷം മാസ്‌കുകള്‍ നിര്‍മിക്കുന്നുണ്ടെന്നും അത് അടുത്ത ആഴ്ചയോടെ വിവിധ സ്ഥലങ്ങളില്‍ എത്തിക്കാന്‍ സാധിക്കുമെന്നുമാണ് വിവരം. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഫിയറ്റ് നടത്തിയിട്ടില്ല.

ഇറ്റലില്‍ കൂടുതല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളും വെന്റിലേറ്ററുകളും നിര്‍മിക്കുന്നതിനായി എഫ്‌സിഎ-ഫെരാരി കമ്പനികളുടെ മാതൃസ്ഥാപനമായ അഗ്നേലി ഇറ്റലിയിലെ എന്‍ജിനീയറിങ്ങ് ഗ്രൂപ്പായ സിയാറെയുമായി ചര്‍ച്ചകളിലാണെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, അഗ്നേലി കുടുംബം കഴിഞ്ഞ ദിവസം 10 മില്ല്യണ്‍ യൂറോയുടെ സഹായം ഇറ്റലിക്ക് നല്‍കിയിരുന്നു.

Content Highlights: Fiat Chrysler Automobile Produce Masks For Corona Affected Nations