പോകാത്ത യാത്രയ്ക്ക് ടോളടയ്ക്കുകയാണ് കൊല്ലങ്കോട് നെന്മേനിയിലെ കര്‍ഷകനായ കെ. ശിവാനന്ദന്‍. ഓരോ തവണ അക്കൗണ്ടില്‍നിന്ന് പണം പോകുമ്പോഴും ടോള്‍പ്ലാസ അധികൃതരെ വിളിച്ചറിയിക്കും. ഉടന്‍ പരിഹാരം കാണുമെന്ന് ജീവനക്കാര്‍ ഉറപ്പു നല്‍കുമെങ്കിലും വീണ്ടും തുടര്‍ച്ചയായി അക്കൗണ്ടില്‍നിന്ന് പണം നഷ്ടപ്പെടുകയാണ്. തുടക്കത്തില്‍ നഷ്ടപ്പെട്ട പണം ടോള്‍ പ്ലാസ അധികൃതര്‍ അക്കൗണ്ടിലേക്ക് തിരിച്ചടച്ചിരുന്നു. കുറച്ചുനാളായി തിരിച്ചടവും ഇല്ലെന്ന് ശിവാനന്ദന്‍ പറയുന്നു.

ഒരു സ്വകാര്യബാങ്ക് ശാഖവഴി രണ്ടുവര്‍ഷം മുമ്പാണ് സ്വന്തം പേരിലുള്ള കെ.എല്‍. 70 സി. 8888 നമ്പര്‍ കാറിന് ഫാസ്ടാഗ് അക്കൗണ്ട് തുറന്നതെന്ന് ശിവാനന്ദന്‍ പറയുന്നു. തുടര്‍ന്ന് കാര്‍ വീട്ടിലെ ഷെഡ്ഡില്‍ കിടക്കുമ്പോഴും ടോള്‍ നല്‍കേണ്ട സ്ഥിതിയിലാണ് ഈ കര്‍ഷകന്‍. മുമ്പ് പലതവണ ഇതേക്കുറിച്ച് പരാതി പറഞ്ഞെങ്കിലും ശാശ്വതപരിഹാരമുണ്ടായിട്ടില്ലെന്ന് ശിവാനന്ദന്‍ പറയുന്നു.

ബുധനാഴ്ച ഉച്ചതിരിഞ്ഞ് നാലിന് വാളയാര്‍ പാമ്പാംപള്ളം ടോള്‍ പ്ലാസവഴി കടന്നുപോയ ഏതോ വാഹനത്തിന്റെ ടോള്‍ ഇനത്തില്‍ 65 രൂപ ശിവാനന്ദന്റെ അക്കൗണ്ടില്‍നിന്ന് കുറവ് ചെയ്തതായി മൊബൈല്‍ ഫോണില്‍ സന്ദേശമെത്തി. ഈ സമയത്ത് സ്വന്തം കൃഷിയിടത്തിലായിരുന്നു ശിവാനന്ദന്‍. വാഹനം ഷെഡ്ഡില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ 12-ന് ഏകദേശം ഇതേ സമയത്ത് 35 രൂപയും അക്കൗണ്ടില്‍നിന്ന് ടോള്‍ ഈടാക്കിയതായി സന്ദേശമെത്തിയിരുന്നു. 

പാമ്പാംപള്ളം ടോള്‍ പ്ലാസയ്ക്ക് പുറമേ മുമ്പ് പാലിയേക്കര വഴി കടന്നുപോകുന്ന വാഹനത്തിനും വീട്ടിലിരുന്ന് ടോളയ്‌ക്കേണ്ടിവന്നിട്ടുണ്ട്. ചെയ്യാത്ത യാത്രയ്ക്ക് വാഹനത്തിന്റെ പേരില്‍ ടോള്‍ ചുമത്തുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ടോള്‍പ്ലാസ അധികൃതര്‍ക്കും ടോള്‍ഫ്രീ നമ്പറിലും പരാതി നല്‍കി കാത്തിരിക്കുകയാണിപ്പോള്‍. 

മറ്റൊരു വാഹനം ടോള്‍പ്ലാസ കടക്കുമ്പോള്‍ ശിവാനന്ദന്റെ ഫാസ്ടാഗ് അക്കൗണ്ടില്‍നിന്ന് തുക നഷ്ടപ്പെടുന്നതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ടോള്‍പ്ലാസ അധികൃതര്‍ക്കും കഴിയുന്നില്ല. ബുധനാഴ്ച തുക നഷ്ടപ്പെട്ടതോടെ അക്കൗണ്ടില്‍ ബാലന്‍സ് 21 രൂപ 28 പൈസയായി കുറഞ്ഞു. ഇനി റീചാര്‍ജ് ചെയ്യുന്നില്ലെന്ന് ശിവാനന്ദന്‍ പറയുന്നു. അക്കൗണ്ടില്‍ തുകയില്ലാത്തതിനാല്‍ ടോള്‍പ്ലാസയില്‍ അധികപിഴ ചുമത്തുമെന്നതിനാല്‍ അജ്ഞാതവാഹനത്തെയും യാത്രക്കാരനെയും ഇനിയെങ്കിലും തിരിച്ചറിയാനാവുമെന്ന പ്രതീക്ഷയിലാണ് ശിവാനന്ദന്‍.

Content Highlights: Faulty Fastag, Toll Collection, Online Toll Payment, Fastag, Toll Plaza