വാഹനങ്ങളുടെ സമയനഷ്ടത്തിനും ഇന്ധനനഷ്ടത്തിനും പരിഹാരമായി നടപ്പാക്കിയ ഫാസ്ടാഗ് സംവിധാനത്തിലെ അവ്യക്തതകള്‍ പരാതികള്‍ക്കും സംഘര്‍ഷത്തിനും കാരണമാവുന്നു. ടാഗില്‍ തുകയുണ്ടായിട്ടും പിഴ നല്‍കേണ്ടിവരുന്നതും ടോള്‍ നല്‍കിയിട്ടും അക്കൗണ്ടില്‍നിന്ന് തുക നഷ്ടപ്പെടുന്നതുമാണ് പാലിയേക്കര ടോള്‍പ്ലാസയില്‍ ആവര്‍ത്തിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍. കഴിഞ്ഞമാസം കാര്‍യാത്രക്കാരായ കുടുംബവുമായുണ്ടായ തര്‍ക്കം അടിപിടിയിലാണ് കലാശിച്ചത്. രണ്ടു മാസംമുമ്പ് ടോള്‍ നല്‍കാതെ പോയ സംഘവുമായുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് രണ്ട് ടോള്‍പ്ലാസ ജീവനക്കാര്‍ക്ക് കുത്തേറ്റിരുന്നു.

തര്‍ക്കങ്ങള്‍ ജീവനക്കാര്‍ നേരിട്ട് പരിഹരിക്കേണ്ടതില്ലെന്നാണ് പോലീസ് നിര്‍ദേശം. ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങളുടെ ഫാസ്ടാഗ് ടോള്‍പ്ലാസയിലെ ട്രാന്‍സ്‌പോണ്ടര്‍ വഴി റീഡ് ചെയ്താണ് ടോള്‍തുക ഈടാക്കുന്നത്. വാഹനങ്ങള്‍ ട്രാന്‍സ്‌പോണ്ടറിന്റെ ലൈന്‍ ഓഫ് സൈറ്റില്‍ എത്തുമ്പോള്‍ റേഡിയോ ഫ്രീക്വന്‍സി പരിശോധനയിലൂടെ ബാങ്കിലേക്ക് സന്ദേശമയക്കുകയും ഫാസ്ടാഗ് അക്കൗണ്ടില്‍നിന്ന് തുക ദേശീയപാത അതോറിറ്റിയുടെ അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയും ചെയ്യുന്നു. ലൈന്‍ ഓഫ് സൈറ്റ് ഓരോ വാഹനങ്ങള്‍ക്കും വ്യത്യസ്തമായിരിക്കും.

ഫാസ്ടാഗ് എടുത്ത് ടോള്‍പ്ലാസയില്‍ എത്തുന്ന വാഹനം റേഡിയോ ഫ്രീക്വന്‍സി പരിശോധന കഴിഞ്ഞ് ടോള്‍ബൂത്ത് കടക്കാന്‍ പത്തുസെക്കന്റില്‍ താഴെ മാത്രമേ സമയം വരൂ എന്നാണ് കണക്ക്. നിലവില്‍ പാലിയേക്കര ടോള്‍പ്ലാസയില്‍ എല്ലാ ട്രാക്കുകളിലും ഫാസ്ടാഗ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയും.

  • ഫാസ്ടാഗ് ഇല്ലാത്തവര്‍ക്കും ടാഗില്‍ ആവശ്യത്തിന് തുകയില്ലാത്തവര്‍ക്കുമായി ഓരോ ട്രാക്കുകള്‍ ഇരുവശത്തുമുണ്ട്. ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ ടോള്‍ത്തുകയുടെ ഇരട്ടിത്തുക നല്‍കേണ്ടി വരും.
  • സംസ്ഥാനത്ത് പാലിയേക്കര കൂടാതെ വാളയാര്‍ പാമ്പന്‍പള്ളം, അരൂര്‍ കുമ്പളം, കൊച്ചി കെണ്ടയ്‌നര്‍ ടെര്‍മിനല്‍ റോഡിലെ പൊന്നാരിമംഗലം എന്നിവിടങ്ങളിലാണ് ടോളുകള്‍.
  • ദൂരെയാത്രക്കിറങ്ങുംമുമ്പേ ഫാസ്ടാഗില്‍ തുകയുണ്ടെന്ന് ഉറപ്പാക്കുക.
  • മൊബൈല്‍ ഫോണില്‍ എത്തുന്ന ദേശീയപാത അതോറിറ്റിയുടെയും ബന്ധപ്പെട്ട ബാങ്കിന്റെയും സന്ദേശങ്ങള്‍ കൃത്യമായി പരിശോധിക്കുക.
  • അടയ്ക്കുന്ന ടോള്‍തുകയുടെയും ഈടാക്കുന്ന പിഴയുടെയും രസീത് സൂക്ഷിക്കുക.
  • വാഹനങ്ങള്‍ കൈമാറുമ്പോള്‍ ഫാസ്ടാഗ് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും കൈമാറുക.

ടോള്‍ത്തുക നഷ്ടപ്പെട്ടാല്‍

ഫാസ്ടാഗ് സംവിധാനത്തെക്കുറിച്ചും ടാഗിലെ ബാലന്‍സ് തുക സംബന്ധിച്ചും അറിവില്ലാതെയെത്തുന്ന വാഹനങ്ങളാണ് മിക്കവാറും പ്രശ്‌നത്തിലാകുന്നത്.

  • ടാഗില്‍ തുകയുണ്ടായിട്ടും സാങ്കേതികപ്രശ്‌നങ്ങള്‍ മൂലം പിഴ നല്‍കേണ്ടി വന്നാല്‍ അക്കാര്യം ടോള്‍ അധികൃതരെ അറിയിച്ചാല്‍ ഉടന്‍ പരിഹാരം കാണും.
  • പിഴ നല്‍കിയിട്ടും അക്കൗണ്ടില്‍നിന്ന് തുക നഷ്ടപ്പെട്ടവര്‍ അടുത്ത യാത്രയില്‍ രസീതുമായി എത്തിയാല്‍ തുക തിരികെ ലഭിക്കും.
  • ടോള്‍പ്ലാസയില്‍ പ്രദര്‍ശിപ്പിച്ച ഇ-മെയില്‍ വിലാസത്തിലോ മൊബൈല്‍ നമ്പറിലോ പരാതിപ്പെട്ടാല്‍ നഷ്ടപ്പെട്ട തുക തിരികെ ലഭിക്കും.
  • വാഹനങ്ങളിലെ ടാഗിനോ ട്രാന്‍സ്‌പോണ്ടറിനോ എന്തെങ്കിലും സാങ്കേതികപ്രശ്‌നം സംഭവിച്ചാലും വാഹനനമ്പര്‍ ഉപയോഗിച്ച് ഫാസ്ടാഗ് അക്കൗണ്ട് വിവരങ്ങള്‍ അറിയുന്നതിനുള്ള സംവിധാനം ടോള്‍പ്ലാസയിലുണ്ട്.

പരാതി എവിടെ, എങ്ങനെ..?

സാങ്കേതികത്തകരാര്‍മൂലം വാഹനങ്ങള്‍ ഇരട്ടിത്തുക പിഴ നല്‍കേണ്ടിവരുകയും ടോള്‍പ്ലാസ കടന്നതിനുശേഷം തുക അക്കൗണ്ടില്‍നിന്ന് പോയതായി സന്ദേശം ലഭിക്കുകയും ചെയ്താല്‍ പരാതിപ്പെടേണ്ട ഇ-മെയില്‍ വിലാസം: paliyekkarafastaghelpline@gmail.com, മൊബൈല്‍ നമ്പര്‍: 7994777180 വാഹനനമ്പര്‍, മൊബൈല്‍ സന്ദേശത്തിന്റെ വിശദാംശങ്ങള്‍, രസീത്, ഫോണ്‍ നമ്പര്‍ എന്നിവ പരാതിയില്‍ ചേര്‍ക്കണം.

Content Highlights: Fastag, Toll Plaza, Toll Collection Through Fastag, Online Toll Collection