ഫാസ്റ്റാഗ് ഡിസംബര്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുമെങ്കിലും ഇതറിയാതെ വരുന്ന യാത്രക്കാരോട് കര്‍ശനനിലപാട് വേണ്ടെന്ന് ടോള്‍ പ്ലാസ നടത്തുന്നവര്‍ക്ക് ദേശീയപാത അതോറിറ്റിയുടെ നിര്‍ദേശം. നിയമപ്രകാരമുള്ള ഫാസ്റ്റാഗ് ഇല്ലാതെ അതിനുള്ള ട്രാക്കിലൂടെ എത്തുന്ന വാഹനങ്ങളില്‍നിന്ന് ഇരട്ടി ടോള്‍ ഈടാക്കാനായിരുന്നു തീരുമാനം. ഇത് തുടക്കത്തില്‍ വേണ്ടെന്നും ആവര്‍ത്തിക്കുന്നവരില്‍നിന്ന് ഈടാക്കിയാല്‍ മതിയെന്നുമുള്ള നിര്‍ദേശമാണെത്തിയത്. വാക്കാലാണ് ഈ അറിയിപ്പ്.

രാജ്യത്തെ എല്ലാ ടോള്‍ പ്‌ളാസകളിലും നാല് ട്രാക്കുകള്‍ ഫാസ്റ്റാഗ് ആക്കണമെന്ന് നിര്‍ദേശവുെമത്തി. മൊത്തമുള്ള ട്രാക്കുകളില്‍ ഇരുവശങ്ങളിലേക്കും നാലുവീതം മൊത്തം എട്ട് ട്രാക്കുകളില്‍ ഫാസ്റ്റാഗ് സംവിധാനം നടപ്പാക്കാനാണ് നിര്‍ദേശം. ഈ ട്രാക്കിലൂടെ ഫാസ്റ്റാഗില്ലാത്ത വാഹനങ്ങള്‍ക്കും കടന്നുപോകാം. അത്തരം വാഹനങ്ങളെത്തുമ്പോള്‍ ബാരിക്കേഡ് സ്വയം വീഴും. അപ്പോള്‍ കൗണ്ടറില്‍ പണമടച്ച് കടന്നുപോകാം.

ഡിസംബര്‍ ഒന്നുമുതല്‍ ഇരുദിശകളിലേക്കും ഓരോ ട്രാക്ക് മാത്രമാണ് പണമടച്ചുപോകുന്ന വാഹനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുക. പാതയുടെ ഏറ്റവും ഇടതുവശത്തെ കൗണ്ടറായിരിക്കും ഇത്.

ഫാസ്റ്റാഗ് നടപ്പാകുന്ന ദിവസം അടുത്തതോടെ ടാഗ് വില്പന സജീവമായിട്ടുണ്ട്. പാലിയേക്കരയില്‍ ടോള്‍ പ്‌ളാസയ്ക്ക് സമീപം തുറന്ന ഏഴ് ഫാസ്റ്റാഗ് സേവനകേന്ദ്രങ്ങളില്‍ ദിവസേന 200 എണ്ണം വില്പനയാകുന്നതായി അധികൃതര്‍ അറിയിച്ചു. ദിവസംതോറും വില്പനയില്‍ മുന്നേറ്റമുണ്ട്. ഫാസ്റ്റാഗ് ഉപയോഗിച്ച് ഇന്ധനം നിറയ്ക്കുന്നതിനുള്ള സൗകര്യം തുടങ്ങിയിട്ടില്ല.

Content Highlights; fastag mandatory, in the beginning no double toll charge