ന്യൂഡല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍ പുറത്തിറങ്ങുന്ന രാജ്യത്തെ എല്ലാ പുതിയ നാലു ചക്ര വാഹനങ്ങള്‍ക്കും ഫാസ്ടാഗ് കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ബന്ധമാക്കി. ടോള്‍ പ്ലാസകളില്‍ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം. പുതിയ പാസഞ്ചര്‍ കാറുകളും ചരക്ക് വാഹനങ്ങളും ഉള്‍പ്പെടെ പുതുതായി എത്തുന്ന എല്ലാ നാലു ചക്ര വാഹനങ്ങള്‍ക്കും വിന്‍ഡ് സ്‌ക്രീനില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറത്തിറക്കി കഴിഞ്ഞു. 

ഏറെ നേരം കാത്തിരുന്ന് ടോള്‍ പ്ലാസകളില്‍ പണം അടയ്ക്കാനുള്ള നീണ്ട നിര ഒഴിവാക്കി ഡിജിറ്റല്‍ പണം ഇടപാട് വഴി ടോള്‍ അടയ്ക്കുന്ന സംവിധാനമാണ് ഫാസ്ടാഗ്. ഒരു പ്രീപെയ്ഡ് അകൗണ്ട് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം വഴി ബന്ധിപ്പിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. ഇതുവഴി ടോള്‍ പ്ലാസകളില്‍ വാഹനം നിര്‍ത്താതെ തന്നെ പണം അടച്ച് കടന്നുപോകാനാകും. ആവശ്യത്തിനുള്ള തുക നേരത്തെ റീചാര്‍ജ് ചെയ്ത് വയ്ക്കണം. 100 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെ ഫാസ്ടാഗില്‍ റീചാര്‍ജ് ചെയ്യാം. 

1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ഗതാഗത മന്ത്രാലയം ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. പുതിയ വാഹനങ്ങളില്‍ ഫാസ്ടാഗ് ഘടിപ്പിക്കാനുള്ള മുഴുവന്‍ ഉത്തരവാദിത്വവും വാഹന ഡീലര്‍മാര്‍ക്കാണ്. രജിസ്‌ട്രേഷന് മുന്‍പ് ഇത് ഘടിപ്പിച്ചിരിക്കണം. പഴയ വാഹനങ്ങള്‍ക്ക് ബാങ്കുകള്‍ വഴിയും ടോള്‍ പ്ലാസകളില്‍ നിന്നും ഫാസ്ടാഗ് വാങ്ങി ഘടിപ്പിക്കാം. നിലവില്‍ ദേശീയ പാതകളിലെ 370 ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

Content Highlights: Electronic Toll Collection, FASTag, FASTagMandatory, TollPlaza, FASTag Toll