ദേശീയപാത ടോള്‍ പ്ലാസകളെല്ലാം 'ഫാസ്ടാഗ്' സംവിധാനത്തിലേക്ക് മാറുമ്പോള്‍ പ്രധാന നേട്ടം ടോള്‍ പിരിവു കമ്പനികള്‍ക്ക്. കോടിക്കണക്കിന് വാഹനങ്ങള്‍ക്ക് നാലുമാസംകൊണ്ട് ഫാസ്ടാഗ് സംവിധാനത്തിലേക്ക് മാറാന്‍ കഴിയുമോ എന്നതും ആശങ്കയാണ്. നിലവില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നവര്‍ക്ക് 'റീചാര്‍ജി'നെക്കുറിച്ച് വ്യാപകപരാതിയുണ്ട്. അത് പരിഹരിക്കാതെയാണ് പുതിയ പരിഷ്‌കാരത്തിലേക്ക് പോകുന്നത്.

എല്ലാ കവാടങ്ങളും ഡിസംബര്‍ ഒന്നിന് ഫാസ്ടാഗിലേക്ക് മാറുന്നതോടെ പ്ലാസകളിലുള്ള ജീവനക്കാരുടെ എണ്ണം കുറയ്ക്കാനാകും. കമ്പനിയുടെ അക്കൗണ്ടിലേക്ക് നേരിട്ടു പണമെത്തും. മൂന്നു മിനിറ്റിലധികം ഒരു വാഹനം ടോള്‍ പ്ലാസയില്‍ കുരുങ്ങിയാല്‍ ടോള്‍ വാങ്ങരുതെന്നാണ് വ്യവസ്ഥ. ഫാസ്ടാഗ് ആകുന്നതോടെ ഇതില്ലാതാകും.

ദേശീയപാത ടോള്‍ പ്ലാസകളില്‍ 24 മണിക്കൂറിനുള്ളില്‍ ഇരുവശത്തേക്കും യാത്ര ചെയ്യുകയാണെങ്കില്‍ ടോളില്‍ ഇളവുണ്ട്. ഇത് ഫാസ്ടാഗ് വാഹനങ്ങള്‍ക്ക് ലഭിക്കില്ല. നിലവില്‍ 2017 ഡിസംബര്‍ മുതല്‍ വിറ്റ വാഹനങ്ങളില്‍ ആണ് ഫാസ്ടാഗ് നിര്‍ബന്ധമാക്കിയത്. ദേശീയപാത ഉപയോഗിക്കുന്ന ബാക്കി കോടിക്കണക്കിന് വാഹനങ്ങള്‍ നാലുമാസംകൊണ്ട് ഫാസ് ടാഗിലേക്ക് മാറാന്‍ സാധിക്കുമോ എന്നതും വലിയ ചോദ്യമായി അവശേഷിക്കുന്നു. തിരഞ്ഞെടുത്ത അക്ഷയകേന്ദ്രങ്ങള്‍ വഴിയും പൊതുസേവനകേന്ദ്രങ്ങള്‍ വഴിയും വാഹനഷോറുമുകള്‍ക്ക് ബാങ്കുകള്‍ നേരിട്ടുമാണ് ഫാസ്ടാഗ് വില്‍ക്കുന്നത്.

പുതിയ വാഹനങ്ങള്‍ക്ക് ഭൂരിഭാഗം ഷോറൂമുകളും 500-600 രൂപയാണ് ഫാസ്ടാഗിനായി ഈടാക്കുന്നത്. ഇതില്‍ 300 രൂപ രജിസ്ട്രേഷന്‍ ഫീസാണ്. ബാക്കി തുകയ്ക്കാണ് യാത്ര ചെയ്യാനാകുന്നത്. ഇത് തീര്‍ന്നാല്‍ റീചാര്‍ജ് ചെയ്യണം. എന്നാല്‍ റീച്ചാര്‍ജ് ചെയ്താലും ഫാസ്ടാഗ് പ്രവര്‍ത്തിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

ഫാസ് ടാഗിലൂടെ ഇനി ഇന്ധനവുംനിറയ്ക്കാം

ഫാസ്ടാഗ് സംവിധാനത്തിലൂടെ ടോള്‍ അടയ്ക്കാന്‍ മാത്രമല്ല ഇന്ധനവും നിറയ്ക്കാം. ഇതിനായി ഐ.ഡി.എഫ്.സി. ബാങ്കിന് റിസര്‍വ് ബാങ്കിന്റെ അനുമതി ലഭിച്ചു. ഫാസ്ടാഗ് 2.0 എന്ന പേരില്‍ ഇത് ഉടന്‍ പുറത്തിറങ്ങും.

നിലവില്‍ 22 ബാങ്കുകള്‍ ഫാസ്ടാഗ് വിതരണം ചെയ്യുന്നുണ്ട്. എസ്.ബി.ഐ., ഐ.സി.ഐ.സി.ഐ. പേടിഎം എന്നിവയാണ് പ്രധാന വിതരണക്കാര്‍. ഇവയ്ക്കുകൂടി അനുമതി ലഭിച്ചാല്‍ പുതിയതായി ഇറങ്ങുന്ന ഫാസ്ടാഗ് 'സ്മാര്‍ട് കാര്‍ഡ്' രൂപത്തിലേക്ക് മാറുകയും പെട്രോള്‍ ബാങ്കുകളില്‍ ഇന്ധനം നിറയ്ക്കാന്‍ ഉപയോഗിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ഒരേസമയം ടോളിനും ഇന്ധനത്തിനും ഉപയോഗിക്കാമെന്നതിനാല്‍ പ്രചാരം കിട്ടാന്‍ സാധ്യത കൂടുതലാണെന്നും കരുതുന്നു.

Content Highlights; FAStag mandatory for all toll plazas from 2019 december 1, FASTag rules, FASTag for fuel filling, FASTag