വ്യാജ അപകട ഇന്‍ഷുറന്‍സ് പോളിസി രേഖകളുമായി വാഹനങ്ങള്‍ ഓടുന്നു. ചില ടൂറിസ്റ്റ് ബസുകളും വാടകയ്‌ക്കെടുക്കുന്ന സ്‌കൂള്‍ ബസുകളും ലോറികളും മറ്റുമാണ് ഇത്തരത്തിലോടുന്നത്.

ഇവ അപകടത്തില്‍പ്പെട്ടാല്‍ യാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ല. ഇത്തരം കേസുകളില്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ക്കോ പോലീസിനോ നടപടിയെടുക്കാന്‍ പരിമിതികളേറെയാണ്. ചെക്ക് കൊടുക്കുമ്പോള്‍ത്തന്നെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍ പോളിസിരേഖ കൊടുക്കും. 

ഇതുമല്ലെങ്കില്‍ ഒരു മാസം കാലാവധിയുള്ള കവര്‍നോട്ട് (പോളിസിയുമായി ബന്ധപ്പെട്ട താത്കാലിക രേഖ) നല്‍കും. നിയമപ്രകാരമുള്ള രേഖയായതിനാല്‍ പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാനാവില്ല. ചില പോളിസി സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഹോളോഗ്രാമുണ്ട്. ചിലര്‍ ഫോട്ടോകോപ്പികള്‍ കൊണ്ടുവരുമ്പോള്‍ ഹോളോഗ്രാം പരിശോധന നടക്കില്ല.

എല്ലാ ഇന്‍ഷുറന്‍സ് കമ്പനികളും ആര്‍.ടി.ഒ. ഓഫീസുകളിലേക്ക് ഇത്തരം കാര്യങ്ങള്‍ അറിയിക്കാറില്ല. അപൂര്‍വം ചില കമ്പനികളേ ഇതു പതിവായി അധികൃതരെ അറിയിക്കുന്നുള്ളൂ. ചില വാഹന ഉടമകള്‍ അറിഞ്ഞുകൊണ്ടും ഇതു നടക്കാറുണ്ട്. ഇടനിലക്കാര്‍ മാത്രമായി ചെയ്യുന്നതുമുണ്ട്. 

കോഴിക്കോട് ഒളവണ്ണയില്‍ സ്‌കൂളില്‍ വിദ്യാര്‍ഥികളെ കൊണ്ടുപോകാന്‍ ഇത്തരം വാടകവാഹനം ഉപയോഗിച്ചെന്ന് നല്ലളം സ്റ്റേഷനില്‍ പരാതിയുണ്ട്. മലപ്പുറം ജില്ലയില്‍ 2013-ല്‍ രണ്ടു സ്വകാര്യ ബസ് അപകടങ്ങളുണ്ടായപ്പോഴാണ് ഇത്തരം തട്ടിപ്പു നിലവിലുണ്ടെന്ന് മോട്ടോര്‍വാഹന വകുപ്പ് അധികൃതര്‍ കണ്ടെത്തിയത്.

കവര്‍നോട്ട് സമ്പ്രദായം മാറ്റണം

ഇത്തരം വാഹനയാത്രക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടില്ല. ഇന്‍ഷുറന്‍സ് കമ്പനികള്‍ നല്‍കുന്ന കവര്‍നോട്ട് സമ്പ്രദായം നിര്‍ത്തലാക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടതാണ്.

-രാജീവ് പുത്തലത്ത്, ജോയന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍

പരിശോധിക്കും

വാഹനങ്ങളുടെ അപകട ഇന്‍ഷുറന്‍സ് പോളിസിയുമായി ബന്ധപ്പെട്ട ഇത്തരം തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അങ്ങനെയുണ്ടെങ്കില്‍ തീര്‍ച്ചയായും പരിശോധിക്കും.

-കെ.കെ. മാര്‍ക്കോസ്, ഉത്തരമേഖലാ ട്രാഫിക് എസ്.പി.

Content Highlights: Fake Vehicle Insurance Policy