TRAFFIC RULE VIOLATION
courtesy; star of mysore, cartoq

റോഡില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഓടിക്കുന്നത് ഗുരുതരമായ കുറ്റമാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളും റോഡ് സുരക്ഷ ഉറപ്പാക്കാന്‍ നൂതന ക്യാമറ ഉപയോഗിച്ചുള്ള ഇലക്ട്രോണിക് നിരീക്ഷണ സംവിധാനത്തിലേക്ക് മാറിയതോടെ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ട്രാഫിക് പിഴയില്‍നിന്ന് രക്ഷപ്പെടാനാണ് ചില വിരുതന്‍മാരുടെ ശ്രമം. ഇത്തരത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയ രവി എന്ന ബൈക്ക് യാത്രക്കാരനെ മൈസൂരില്‍ പോലീസ് അറസ്റ്റ് ചെയ്തു.

2018 ഡിസംബര്‍ മുതല്‍ KA 09 HJ 0597 എന്ന വ്യാജ നമ്പര്‍ പ്ലേറ്റിലുള്ള റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റാണ് രവി ഉപയോഗിച്ചിരുന്നത്. വിവിധ നിയമ ലംഘനങ്ങള്‍ക്ക് 39 ഇലക്ട്രോണിക് ചലാന്‍ ഈ രജിസ്‌ട്രേഷന്‍ നമ്പറില്‍ ഇതിന്റെ യഥാര്‍ഥ ഉടമയായ ചന്ദ്രബാബുവിന് ലഭിച്ചു. ചലാന്‍ ഒന്നിന് പിറകെ ഒന്നായി വന്നതോടെ ഇതിന്റെ നിജസ്ഥിതി അന്വേഷിച്ചറിയാന്‍ ചന്ദ്രബാബു സിറ്റി പോലീസ് കമ്മീഷ്ണര്‍ ഓഫീസിലെ ട്രാഫിക് മാനേജ്‌മെന്റ് ഡിവിഷനിലെത്തിയപ്പോഴാണ് നമ്പര്‍ പ്ലേറ്റ് തട്ടിപ്പിന്റെ വിവരം ചന്ദ്രബാബുവും ട്രാഫിക് പോലീസും അറിയുന്നത്. 

മുമ്പ് ചലാന്‍ ലഭിച്ച നിയമലംഘനങ്ങളുടെ ഇലക്ട്രോണിക് ഫൂട്ടേജ് പരിശോധിച്ചപ്പോള്‍ നിയമ ലംഘനം നടത്തിയത് ബുള്ളറ്റ് ബൈക്കാണെന്ന് പോലീസിന് വ്യക്തമായി. ഹോണ്ട ഡിയോ സ്‌കൂട്ടറാണ് ചന്ദ്രബാബുവിന്റെ കൈവശമുള്ളത്. ഇദ്ദേഹത്തിന്റെ പരാതിയില്‍ ബുള്ളറ്റ് ഉടമയുടെ പേരില്‍ പോലീസ് കേസെടുക്കുകയും ചെയ്തു. വ്യാജ നമ്പര്‍ പ്ലേറ്റില്‍ വിലസുന്ന ബുള്ളറ്റും ഇതിന്റെ ഉടമയെയും കണ്ടെത്താന്‍ സിറ്റിയിലെ എല്ലാ ട്രാഫിക് സ്റ്റേഷനിലേക്കും അസിസ്റ്റന്റ് കമ്മീഷ്ണര്‍ നിര്‍ദേശം നല്‍കി രണ്ട് മണിക്കൂറുകള്‍ക്കകം ഇയാളെ പോലീസ് കണ്ടെത്തി. 

പോലീസിന്റെ പരിശോധനയില്‍ ബുള്ളറ്റിന്റെ യഥാര്‍ഥ നമ്പര്‍ KA 09 HJ 3597 എന്നാണെന്ന് വ്യക്തമായതോടെ വണ്ടി പിടിച്ചെടുക്കുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ട്രാഫിക് നിയമ ലംഘന കേസുകള്‍ ഒഴിവാക്കാനാണ് ഇയാള്‍ ഇത്തരത്തില്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. 

Content Highlights; fake number plate, bullet owner arrested