പിഴയിടുന്നത് ബൈക്കിന്, അടയ്ക്കാനെത്തുന്നത് കാര്‍; എം.വി.ഡിയെ ചുറ്റിച്ച് നമ്പറിലും 'നമ്പര്‍'


പി.ബി. ഷെഫീക്

അമിത വേഗത്തില്‍ വന്ന സൂപ്പര്‍ ബൈക്ക് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. നമ്പര്‍ ക്യാമറയില്‍ പകര്‍ത്തി ഉടമയെ ബന്ധപ്പെട്ടു. വാഹനം അടുത്ത ദിവസം ഹാജരാക്കിയപ്പോള്‍ ഉടമയുടെ വാഹനം ജീപ്പ്.

വര: വിജേഷ് വിശ്വം

'എറണാകുളം എന്‍ഫോഴ്‌സ്മെന്റ് ആര്‍.ടി. ഓഫീസില്‍നിന്നാണ്. കഴിഞ്ഞ ദിവസം നിങ്ങളുടെ വണ്ടി കളമശ്ശേരിയില്‍ സിഗ്‌നല്‍ ലൈറ്റ് ലംഘിച്ചതിന് പിഴ അടയ്ക്കണം. അല്ലെങ്കില്‍ വാഹനം ബ്ലാക്ക്​ലിസ്റ്റിൽ ഉള്‍പ്പെടുത്തും'. ഔദ്യോഗിക വിളിയെ തുടര്‍ന്ന് വാഹന ഉടമ ആര്‍.ടി. ഓഫീസില്‍ ഹാജരായപ്പോഴാണ് ട്വിസ്റ്റ്. തന്റെ വണ്ടി നമ്പര്‍ തന്നെ, പക്ഷേ സ്വന്തമായി ഇരുചക്ര വാഹനമില്ല. ഉള്ളത് കാറാണ്. ഇടപ്പള്ളി സ്വദേശിയായ വാഹന ഉടമയുടെ മറുപടി കേട്ട് ഉദ്യോഗസ്ഥരും ഞെട്ടി.

അന്വേഷണത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ ക്യാമറയില്‍ കുടുങ്ങിയത് യഥാര്‍ഥ 'പ്രതി'യല്ലെന്നും വ്യാജനാണെന്നും മനസ്സിലായത്. വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് നിയമ ലംഘനം നടത്തുന്ന വിരുതന്‍മാരുടെ എണ്ണം കൂടിയതോടെ മോട്ടോര്‍ വാഹന വകുപ്പിന് തലവേദനയും കൂടി. നിയമം ലംഘിച്ചതിന് നിരീക്ഷണ ക്യാമറയില്‍ കുടുങ്ങുന്ന വാഹനങ്ങള്‍ക്കും കൈ കാണിച്ചു നിര്‍ത്താതെ പോകുന്ന വാഹനങ്ങള്‍ക്കും നോട്ടീസ് നല്‍കിയാല്‍ പലപ്പോഴും ഹാജരാകുന്നത് തെറ്റു ചെയ്യാത്ത യഥാര്‍ഥ വാഹന ഉടമകളായിരിക്കും.

നിയമലംഘനം നടത്തുന്നവര്‍ വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് ഓടുന്നതു സംബന്ധിച്ച പരാതികളും കൂടി വരുകയാണ്. ഇരുചക്ര വാഹനങ്ങളും കാറുകളുമാണു കൂടുതലും. പരാതി വര്‍ധിച്ച സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഇക്കാര്യം ശ്രദ്ധിച്ചത്. എന്നാല്‍ വ്യാജ നമ്പറിലോടുന്ന വാഹനങ്ങള്‍ പിടികൂടാന്‍ നിലവില്‍ പ്രത്യേക പദ്ധതിയൊന്നുമില്ല. നിരീക്ഷണ ക്യാമറയില്‍ തന്നെ വാഹനത്തിന്റെ നമ്പര്‍ പരിശോധിച്ച് വിശദാംശങ്ങള്‍ അറിയാമെങ്കിലും ഉടമയെ ഫോണില്‍ ബന്ധപ്പെട്ടാല്‍ ഒന്നുകില്‍ വാഹനം വീട്ടില്‍ വിശ്രമത്തിലായിരിക്കും.

അതല്ലെങ്കില്‍ വാഹനത്തിന്റെ നിറത്തില്‍ വ്യത്യാസം കാണും. അതുമല്ലെങ്കില്‍, ക്യാമറയില്‍ കണ്ടത് സ്‌കൂട്ടറാണെങ്കില്‍ യഥാര്‍ഥ വാഹനം കാര്‍ ആയിരിക്കും. നോട്ടീസ് ലഭിച്ച പലരും പിഴ അടയ്ക്കാന്‍ എത്തുമ്പോഴാണു മറിമായം അറിയുന്നത്. അധികൃതര്‍ക്കു തെറ്റിയതാണെന്നു ബോധ്യപ്പെടുത്തിയാല്‍ പിഴ അടയ്ക്കാതെ മടങ്ങാം. നോട്ടീസ് കിട്ടിയവര്‍ ദൂരസ്ഥലങ്ങളില്‍നിന്നു വരെ ആര്‍.ടി. ഓഫീസില്‍ വരേണ്ടി വരുന്നു. കൈ കാണിച്ചു നിര്‍ത്താതെ പോകുന്ന വാഹനങ്ങളുടെ ഉടമകളെ ബന്ധപ്പെട്ടാല്‍ ഭൂരിപക്ഷവും യഥാര്‍ഥ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങളായിരിക്കില്ല.

റോഡ് പരിശോധനയ്ക്കിടെ അമിത വേഗത്തില്‍ വന്ന സൂപ്പര്‍ ബൈക്ക് കൈ കാണിച്ചെങ്കിലും നിര്‍ത്താതെ പോയി. നമ്പര്‍ ക്യാമറയില്‍ പകര്‍ത്തി ഉടമയെ ബന്ധപ്പെട്ടു. വാഹനം അടുത്ത ദിവസം ഹാജരാക്കിയപ്പോള്‍ ഉടമയുടെ വാഹനം ജീപ്പ്. അതോടെ വിട്ടയച്ചു. ഇത് ഒറ്റപ്പെട്ട സംഭവം അല്ല. മോഷണം, ലഹരി വില്പന എന്നീ വിഭാഗങ്ങളില്‍ പെട്ട സംഘങ്ങളാണു കൂടുതലായും വ്യാജ നമ്പര്‍ ഉപയോഗിക്കുന്നത്.

അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ പിന്തുടര്‍ന്നു പിടികൂടിയാല്‍ ഭൂരിപക്ഷവും രേഖകളില്ലാത്തവ ആയിരിക്കും. കൂടാതെ നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം ഓടിക്കുന്നവരുടെ എണ്ണവും കൂടി വരുന്നുണ്ട്. മുന്നില്‍ നമ്പര്‍ പ്ലേറ്റുണ്ടെങ്കിലും പിന്നില്‍ നമ്പര്‍ പ്ലേറ്റ് ഘടിപ്പിക്കാതെ പായുന്ന വാഹനങ്ങളാണ് ഏറെയും. നമ്പര്‍ പ്ലേറ്റുകള്‍ വികലമാക്കി വാഹനം നിരത്തിലിറക്കിയവരും ഇക്കൂട്ടത്തില്‍ പിടിയിലായിട്ടുണ്ട്. ചിലര്‍ മനഃപൂര്‍വം അക്കങ്ങള്‍ വ്യക്തമാകാത്ത തരത്തില്‍ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചു വയ്ക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

ഇതര സംസ്ഥാനങ്ങളില്‍നിന്നു പച്ചക്കറികളും മറ്റുമായി വരുന്ന ലോറികളില്‍ ചിലതു പിന്നിലെ നമ്പര്‍ പ്ലേറ്റുകള്‍ മനഃപൂര്‍വം മറയ്ക്കുന്നതായും ടിപ്പര്‍ ലോറികള്‍ നമ്പര്‍ പ്ലേറ്റുകളില്‍ മണ്ണും ചെളിയും പുരട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Content Highlights: fake number for vehicles, mvd kerala take actions against vehicle use fake numbers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented