പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കുമ്പോഴും പുതുക്കുമ്പോഴും കൊടുക്കേണ്ട കണ്ണുപരിശോധനാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് വേണ്ടത്ര പരിശോധനകളില്ലാതെയെന്ന് ആക്ഷേപം. ഡ്രൈവിങ് സ്കൂളുകള്‍ നിര്‍ദേശിക്കുന്ന സ്ഥാപനങ്ങളില്‍ പരിശോധന നടത്തുമ്പോഴാണ് വ്യാജസര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതെന്ന ആരോപണമുയരുന്നു.
ചില ഡ്രൈവിങ് സ്കൂളുകള്‍ മുഖേന അപേക്ഷിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റിനുള്ള കാശുമാത്രം നല്കിയാല് മതി, പരിശോധനയ്ക്ക് ഹാജരാകേണ്ട ആവശ്യംപോലുമില്ല. ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റാണ് നല്‍കുന്നതെന്ന് അറിഞ്ഞിട്ടും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ണടയ്ക്കുകയാണെന്നും ആരോപണമുണ്ട്.
ഓണ്‍ലൈന്‍ സംവിധാനമായതിനാല്‍ അപേക്ഷകര്‍ കണ്ണ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് അപേക്ഷയ്ക്കൊപ്പം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ഇത് മോട്ടോര്‍ വാഹനവകുപ്പ് പരിശോധിച്ചശേഷം അനുമതി നല്‍കുകയാണ് പതിവ്. എന്നാല്‍, ഇക്കാര്യത്തില്‍ കൃത്യമായ പരിശോധനനടത്താന്‍ മോട്ടോര്‍ വാഹനവകുപ്പും തയ്യാറാകുന്നില്ല.
''ഞാന്‍ കണ്ണ് പരിശോധനാ സര്‍ട്ടിഫിക്കറ്റിനായി ഡോക്ടറുടെ വീട്ടില്‍പ്പോയി. വീടിനുള്ളില്‍നിന്ന് ഒരു സ്ത്രീ വന്ന് ഡോക്ടറില്ലെന്ന് അറിയിച്ചു. കാര്യം പറഞ്ഞപ്പോള്‍ വീടിന്റെ മുന്‍ഭാഗത്ത് ചുമരില്‍ സ്ഥാപിച്ചിട്ടുള്ള 'അക്ഷരങ്ങള്‍ കാണുന്നുണ്ടോ' എന്നു ചോദിച്ചു. ഉണ്ടെന്ന് പറഞ്ഞതും ഉടന്‍ തിരിച്ചുപോയി സര്‍ട്ടിഫിക്കറ്റ് കൊണ്ടുവന്നുകൊടുത്തു. അപ്പോള്‍ 'ഏത് ഡ്രൈവിങ് സ്കൂളാണ്' എന്നു ചോദിക്കുകയും ചെയ്തു. പേരു പറഞ്ഞപ്പോള്‍ ശരിയെന്നു പറഞ്ഞ് ഉള്ളിലേക്ക് പോകുകയും ചെയ്തു'' -പന്നിയങ്കര സ്വദേശിയായ ഒരു യുവതിയുടെ അനുഭവം.
ഇത്തരത്തില്‍ വ്യാജസര്‍ട്ടിഫിക്കറ്റ് പരിശോധനയില്‍ കണ്ടെത്തിയാല്‍പ്പോലും അത് തെളിയിക്കാന്‍ അപേക്ഷകരുടെ പിന്തുണ കിട്ടാറില്ലെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ പറയുന്നത്. ജില്ലയിലെ ആര്.ടി. ഓഫിസുകളില്‍ ഒരു ദിവസം 2000-ത്തിലധികം അപേക്ഷകളാണ് എത്തുന്നത്. പരിശോധന നടത്താതെ സര്‍ട്ടിഫിക്കറ്റ് നല്കിയാല് ഡോക്ടര്‍മാരുടെ രജിസ്ട്രേഷന് റദ്ദ് ചെയ്യാന്‍ കളക്ടര്‍ക്ക് സാധിക്കുമെന്ന് ആര്.ടി.ഒ. അധികൃതര്‍ വിശദീകരിക്കുന്നു.
ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടി
ഓണ്‍ലൈന്‍ മുഖേനയാണ് കണ്ണ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് സംശയം തോന്നിയാലും കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്. വ്യാജമാണെന്ന് തെളിയിക്കാന്‍ അപേക്ഷകരുടെ സഹായവും ഉണ്ടാവില്ല. ഇത്തരത്തിലുള്ള സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയെടുക്കും.
പി.ആര്. സുമേഷ്, ആര്.ടി.ഒ. കോഴിക്കോട്
Content Highlights: Fake eye test certificate for driving licence, Eye test certificate, Driving Licence, MVD Kerala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..