പ്രമുഖ ബാറ്ററി നിര്‍മാതാക്കളായ എക്‌സൈഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഇലക്ട്രിക് വാഹന രംഗത്തും സാന്നിധ്യമറിയിച്ചു. എക്‌സൈഡ് നിയോ എന്ന പേരില്‍ കമ്പനിയുടെ ആദ്യ ഇലക്ട്രിക് റിക്ഷ ഇന്ത്യയില്‍ അവതരിപ്പിച്ചു. ചെറു ഇലക്ട്രിക് റിക്ഷയാണ് നിയോ. ബംഗാളിലെ ഡാന്‍കുനി പ്ലാന്റിലാണ് വാഹനത്തിന്റെ നിര്‍മാണം നടക്കുന്നത്. വര്‍ഷംതോറും 15,000 യൂണിറ്റ് വാഹനം നിര്‍മിച്ച് പുറത്തിറക്കാന്‍ ശേഷിയുള്ളതാണ് ഈ നിര്‍മാണ കേന്ദ്രം 

സ്വന്തമായി നിര്‍മിച്ച ബാറ്ററിയാണ് ഇ-റിക്ഷയിലുള്ളതെങ്കിലും ബാക്കിയുള്ള ഭൂരിഭാഗം പാര്‍ട്ട്‌സുകളും ചൈനയില്‍ നിന്നെത്തിച്ച് ഇവിടെ അസംബ്ലിള്‍ ചെയ്താണ് നിയോ യാഥാര്‍ഥ്യമാക്കിയത്‌. ബിഹാര്‍, ഉത്തര്‍ പ്രദേശ്, ബംഗാള്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ എക്‌സൈഡ് നിയോ ലഭ്യമാവുക. ഘട്ടംഘട്ടമായി രാജ്യത്തെ കൂടുതല്‍ നഗരങ്ങളിലേക്ക് വില്‍പന വ്യാപിപ്പിക്കു. എക്‌സൈഡ് ഡീലര്‍ നെറ്റ്‌വര്‍ക്കുകള്‍ വഴി തന്നെയാണ് ഇതിന്റെ വിപണനം നടക്കുക. പുതിയ സര്‍വീസ് നെറ്റ് വര്‍ക്കുകളും എക്‌സൈഡ് സ്ഥാപിക്കും. 

റിയര്‍വ്യൂ ക്യാമറയുടെ അകമ്പടിയോടെ അകത്തെ റിയര്‍വ്യൂ മിററിന്റെ സ്ഥാനത്ത് എല്‍സിഡി ഡിസ്‌പ്ലേയാണ് നിയോയിലുളളത്. വലിയ സ്മാര്‍ട്ട് എല്‍സിഡി ഇന്‍സ്ട്രുമെന്റ് പാനലും വാഹനത്തിലുണ്ട്. എഫ്എം സിസ്റ്റം, ഇന്‍ബില്‍ഡ് മൊബൈല്‍ ചാര്‍ജര്‍, ഉറപ്പേറിയ എബിഎസ് റൂഫ് എന്നിങ്ങനെ നീളുന്നു നിയോയുടെ ഫീച്ചേഴ്‌സ്. വാഹനത്തിന്റെ ബാറ്ററി റേഞ്ച്, ഇലക്ട്രിക് മോട്ടോര്‍ തുടങ്ങിയ വിവരങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല. മികച്ച ടെക്‌നോളജിയില്‍ സുഖകരമായ യാത്രാനുഭവത്തിനൊപ്പം ഉയര്‍ന്ന ബാറ്ററി റേഞ്ച്  നിയോ ഇ-റിക്ഷയില്‍ ലഭിക്കുമെന്നാണ് കമ്പനി പറയുന്നത്. 

Content Higlights; exide launches new exide neo electric rickshaw