സ്വകാര്യ ബസുകളിൽ കളക്ടർ എസ്. സുഹാസ് നടത്തിയ പരിശോധന.
കാക്കനാട്: യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താതെ പാഞ്ഞ ആറ് ബസുകള്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് കൈയോടെ പിടികൂടി. താക്കീതു നല്‍കി വിട്ടയച്ച ബസ് ജീവനക്കാരോട് ഇനിയും ആവര്‍ത്തിച്ചാല്‍ 304 വകുപ്പു പ്രകാരം നരഹത്യക്ക് കേസെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി.
സ്വകാര്യ ബസുകളിലെ യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്തുന്നുണ്ടോ എന്നറിയാന്‍ കളക്ടറുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് ആറ് ബസുകള്‍ കുടുങ്ങിയത്. കാക്കനാട് എന്‍.ജി.ഒ. ക്വാര്‍ട്ടേഴ്സ് ഭാഗത്ത് ചൊവ്വാഴ്ച നാലു മണിയോടെയാണ് കളക്ടര്‍ വാഹന പരിശോധനയ്ക്ക് നേരിട്ടെത്തിയത്.
വാഹന പരിശോധനയ്ക്ക് കളക്ടര്‍ എത്തിയപ്പോള്‍ തന്നെ വിവരം സ്വകാര്യ ബസുകള്‍ പരസ്പരം കൈമാറിയിരുന്നു. പിന്നീടു വന്ന ബസുകളെല്ലാം തന്നെ വാതില്‍ അടച്ചാണ് കടന്നുപോയത്. എന്നാല്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ സ്‌ക്വാഡ് വിവിധ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നു. വാതില്‍ അടയ്ക്കാതെ വരുന്ന ബസുകളുടെ വിവരങ്ങള്‍ ആരംഭത്തില്‍ തന്നെ കൈമാറിയിരുന്നു.
ഇത്തരത്തില്‍ എത്തിയ ബസുകളുടെ വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും കളക്ടറോടൊപ്പം ഉണ്ടായിരുന്നു. സ്വകാര്യ ബസുകളില്‍ വാതില്‍പാളി തുറന്നുെവച്ച് സര്‍വീസ് നടത്തുന്നതിനാല്‍ യാത്രികര്‍ ബസില്‍നിന്ന് പുറത്തേക്ക് തെറിച്ചുവീണ് അപകടം ഉണ്ടാകുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം ചെറുവട്ടൂരില്‍ ബസില്‍നിന്നു തെറിച്ചുവീണ് സ്ത്രീ മരിച്ചിരുന്നു. ഒരു മാസം മുമ്പ് കാക്കനാട് സ്വകാര്യ ബസിന്റെ ഡ്രൈവറുടെ ഭാഗത്തെ വാതില്‍ തുറന്നു വീണ് ടുവീലറില്‍ സഞ്ചരിച്ചിരുന്ന കുട്ടിക്ക് പരിക്കേറ്റിരുന്നു. ഈ കുട്ടി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. യാത്രക്കാരുടെ സുരക്ഷയില്‍ അലംഭാവം കാണിക്കുന്ന സ്വകാര്യ ബസുടമകള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കുറ്റകൃത്യം ചെയ്യുന്ന ബസ് ജീവനക്കാര്‍ക്കെതിരേ നരഹത്യ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കും. ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതിനുള്ള നടപടി ആരംഭിക്കാന്‍ കളക്ടര്‍ ആര്‍.ടി.ഒ.യ്ക്ക് നിര്‍ദേശം നല്‍കി. പരിശോധനയ്ക്ക് എറണാകുളം ആര്‍.ടി.ഒ. കെ. മനോജ് കുമാര്‍, എന്‍ഫോഴ്സ്മെന്റ് ആര്‍.ടി.ഒ. ജി. അനന്തകൃഷ്ണന്‍ എന്നിവര്‍ വിവിധ സ്‌ക്വാഡുകള്‍ക്കൊപ്പം പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് കളക്ടര്‍ അറിയിച്ചു.
Content Highlights: Ernakulam District Collector Take Action Against Six Private Bus
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..