കോഴിക്കോട്: കേരളത്തെ പ്രളയജലം കീഴടക്കുമ്പോഴും അതിമാനുഷ പ്രവൃത്തികളിലൂടെ ലോകത്തിന്റെ ഹൃദയം കവര്‍ന്ന നായകരും ഉണ്ടായിരുന്നു. ഇതില്‍ ഏറ്റവുമധികം പ്രശംസ നേടിയത് രക്ഷാപ്രവര്‍ത്തനത്തിന് സ്വന്തം ശരീരം ചവിട്ടുപടിയായി നല്‍കിയ ജെയ്‌സലായിരുന്നു. 

പ്രളയത്തെ തുടര്‍ന്ന് വെള്ളപ്പൊക്കമുണ്ടായ സ്ഥലങ്ങളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ബോട്ടില്‍ കയറാന്‍ സാധിക്കാതിരുന്ന സ്ത്രീകള്‍ക്ക് ജെയ്‌സല്‍ വെള്ളത്തില് മുട്ടുകുത്തി തന്റ പുറം ചവിട്ടുപടിയാക്കി നല്‍കിയത്. 

ദയ അര്‍ഹിക്കുന്ന സഹജീവികളോടുള്ള ജെയ്സലിന്റെ കാരുണ്യത്തിനു പകരം വെക്കാനാവില്ലെങ്കിലും പാരിതോഷികം നല്‍കാന്‍ ഇറാം മോട്ടോഴ്‌സ് തീരുമാനിക്കുകയായിരുന്നു. ആദരസൂചകമായി കോഴിക്കോട് ജില്ലയിലെ ആദ്യ മഹീന്ദ്ര മരാസോ ഇറാം മോട്ടോഴ്സിന്റെ സമ്മാനമായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ ജെയ്‌സലിന് സമ്മാനിച്ചു. 

ഇത് തനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത സമ്മാനമാണെന്നായിരുന്നു ജെയ്‌സലിന്റെ ആദ്യപ്രതികരണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനം ഉപയോഗിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമൂഹത്തിന് നന്മ ചെയ്ത ഒരാള്‍ക്ക് നല്‍കി കൊണ്ടാവണം മരാസോയുടെ വില്‍പ്പനയ്ക്കു തുടക്കം കുറിക്കണമെന്ന തീരുമാനമാണ് ജെയ്സലില്‍ എത്തിയതെന്ന് ഇറാം മോട്ടോഴ്‌സ് ഉടമ ഡോ. സിദ്ദിഖ് അഹമ്മദ് പറഞ്ഞു. ജനനന്മയ്ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രചോദനം നല്‍കുകയും ലക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ ദുരന്തനിവാരണസേനയുടെ അറിയിപ്പുപ്രകാരമാണ് താനൂരുള്ള കെ.പി. ജെയ്‌സലും കൂട്ടുകാരും ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിന് 25 കിലോമീറ്ററോളം അപ്പുറത്തുള്ള വേങ്ങരയിലേക്ക് പോകുന്നത്. അവിടെ മുതലമാട് എന്ന സ്ഥലത്ത് കുടുങ്ങി കിടന്ന സ്ത്രീകളെയും കുട്ടികളെയുമാണ് ജെയ്‌സലും സുഹൃത്തുകളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്.

ബോട്ടിന്റെ ഉയരക്കൂടുതല്‍ കാരണം കയറാന്‍ വിഷമിച്ച സ്ത്രീകള്‍ക്ക് ജെയസല്‍ സ്വന്തം ശരീരം ചവിട്ടുപടിയാക്കി സൗകര്യം ഒരുക്കുകയായിരുന്നു. 

പാവങ്ങാട് ഇറാം മഹീന്ദ്ര ഷോറൂമില്‍ നടന്ന ചടങ്ങില്‍ എ.പ്രദീപ് കുമാര്‍ എംഎല്‍എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, കളക്ടര്‍ യു.വി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.